വോട്ടു കൊള്ള; ആരോപണം കടുപ്പിച്ച് ഇൻഡ്യ മുന്നണി
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ള നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിന് പിന്നാലെ ആരോപണം ശക്തമാക്കി ഇൻഡ്യ മുന്നണിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. യു.പിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബിഹാറിൽ ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവും രംഗത്തുവന്നു. യു.പിയിൽ കുന്ദർകി, മിരാപൂർ, അയോധ്യയിലെ ഫൈസാബാദ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നിർദേശപ്രകാരം കമീഷൻ വോട്ട് കൊള്ള നടത്തിയിട്ടുണ്ടെന്ന് അഖിലേഷ് ആരോപിച്ചു.
തെരഞ്ഞെടുപ്പുകളിൽ ഏതൊക്കെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകണമെന്നും ഓരോരുത്തരും എത്ര വോട്ടുകൾ നേടുമെന്നും അവർ മുൻകൂട്ടി നിശ്ചയിച്ചു. വ്യക്തികൾക്ക് ഒന്നിലധികം വോട്ടുകൾ ചെയ്യാൻ സൗകര്യമൊരുക്കി. ചിലർ ആറ് വോട്ട് വീതം ചെയ്യുന്നതിന്റെ വിഡിയോകൾ തങ്ങളുടെ പക്കലുണ്ട്. ബി.ജെ.പി മന്ത്രിമാർ പോളിങ് ബൂത്തുകളുടെ സമീപം തന്നെയാണ് താമസിച്ചിരുന്നതെന്നും അഖിലേഷ് പറഞ്ഞു. തങ്ങളുടെ 18,000 വോട്ടുകൾ കമീഷൻ വിശദീകരണമില്ലാതെ ഒഴിവാക്കി. ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പ് നീതിക്ക് ഭീഷണിയാണെന്നും അഖിലേഷ് വ്യക്തമാക്കി.
ആഗസ്റ്റ് ഒന്നിന് പുറത്തുവിട്ട കരട് വോട്ടർ പട്ടികയിൽ ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹക്ക് ഉൾപ്പെടെ ഇരട്ട വോട്ടുണ്ടെന്ന് തേജസ്വി പറഞ്ഞു. രണ്ടിലും രണ്ട് പ്രായമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള മുഴുവൻ പ്രക്രിയയും വ്യാജമാണ്. കരട് പട്ടികയിൽ മൂന്ന് ലക്ഷത്തോളം വീട്ടുനമ്പർ 0,000, 0/00 എന്നിങ്ങനെയാണ്. കമീഷൻ തമാശ കളിക്കുകയാണോ എന്നും പട്നയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ തേജ്വസി ചോദിച്ചു.
രാജ്യത്തുടനീളം വോട്ട് മോഷണം നടന്നിട്ടുണ്ടെന്നും കമീഷൻ പ്രവർത്തിക്കുന്നത് ബി.ജെ.പി ഓഫിസ് വഴിയാണെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. രാഹുൽ ഗാന്ധി പുറത്തുവിട്ടത് പൊള്ളയായ അവകാശവാദങ്ങളല്ല, അദ്ദേഹം വോട്ട് കൊള്ള കണ്ടെത്തിയെന്നും താക്കറെ വ്യക്തമാക്കി.
ലോക്സഭ വോട്ടെടുപ്പ് ദിവസം വൈകുന്നേരം അഞ്ചു മണിക്കും രാത്രി ഒമ്പതു മണിക്കും ഇടയിൽ ഒഡിഷയിൽ 42 ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ചരൺദാസ് പറഞ്ഞു. വൈകുന്നേരങ്ങളിൽ ഇത്രയധികം വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ എത്തിയത് എങ്ങനെയാണ്. വോട്ട് കൊള്ളയിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളെ വഞ്ചിച്ചാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത് എങ്ങനെയെന്ന് ജനങ്ങളോട് പറയാൻ കോൺഗ്രസ് തിങ്കളാഴ്ച എല്ലാ ജില്ലകളിലും വാർത്തസമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ കരട് വോട്ടർപട്ടിക; പുറത്തായവരുടെ പേരുകൾ നൽകാൻ ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ബിഹാർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയ 65 ലക്ഷത്തോളം ആളുകളുടെ പേരുകൾ പുറത്തുവിടാനോ നീക്കം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാനോ നിയമപരമായ ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച ബിഹാർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായവരുടെ പ്രത്യേക ലിസ്റ്റ് പുറത്തു വിടാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നൽകിയ ഹരജിയിൽ മറുപടി സത്യവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കരട് വോട്ടർപട്ടികയിൽ പേരില്ല എന്നതിന് അർഥം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നല്ല. നിലവിൽ ലഭിച്ച എണ്ണൽ ഫോറങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കരട് പട്ടിക തയാറാക്കിയത്. അതിൽ ചില മാനുഷിക കാരണങ്ങൾ നിമിത്തം ഒഴിവാക്കാലോ ഉൾപ്പെടുത്താലോ സംഭവിച്ചേക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് ഉൾപ്പെടുത്തുന്നതിനായി അവസരം നൽകും. എണ്ണൽ ഫോറങ്ങൾ ലഭിക്കാത്ത വോട്ടർമാരുടെ ബൂത്ത് ലെവൽ പട്ടിക കമീഷൻ അതത് ബൂത്ത് ലെവൽ ഏജന്റുമാർക്ക് പങ്കിട്ടു.
ശേഷം രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും കമീഷൻ വിശദീകരിക്കുന്നു. ഹരജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷനോട് ആവശ്യപ്പെട്ടത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതിഥി തൊഴിലാളികളുടെ വോട്ടുമാറ്റം എളുപ്പമല്ല
ന്യൂഡൽഹി: സ്വന്തം നാട്ടിലേക്ക് ഇടവേളകളിൽ പോയ്ക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികൾ ഇതുവരെ വോട്ടുചെയ്തിരുന്നതും സ്വന്തം സംസ്ഥാനങ്ങളിലായിരുന്നു. അതിന് കമീഷൻ അറുതിവരുത്തുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾ ഏറെയാണ്. സ്വന്തം നാട്ടിൽ തൊഴിലില്ലാതെ ഇതര സംസ്ഥാനങ്ങളിലേക്ക് ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ തൊഴിലിനായി പോകുന്നവർ ഭൂരിഭാഗവും കുടുംബമില്ലാതെയാണ് പോകുന്നത്. പോകുന്ന സംസ്ഥാനങ്ങളിൽ ഒരു പ്രദേശത്ത് ഉറച്ചുനിൽക്കുന്നവരല്ല ഈ തൊഴിലാളികൾ.
കർണാടകയിലെ ഒരു നിയോജക മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വ്യാജ വോട്ടർമാരെ ചേർത്തതിന്റെ തെളിവുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടതിലും കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ 40 ലക്ഷത്തിലേറെ വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂട്ടിച്ചേർക്കപ്പെട്ടതിലും ഇതര സംസ്ഥാന വോട്ടർമാരാണെന്ന് കണ്ടെത്തിയിരുന്നു. വോട്ടർ പട്ടികയിലെ ഇതര സംസ്ഥാനക്കാരൻ യഥാർഥ വോട്ടറോ വ്യാനോ എന്ന് തിരിച്ചറിയൽ പ്രയാസകരമാകും.
ഇൻഡ്യ സഖ്യം ജനങ്ങളിലേക്ക്; തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ഇന്ന്
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ സഖ്യം. സഖ്യത്തിലെ 300 എം.പിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11.30ന് പാർലമെന്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് പിന്നാലെ, തങ്ങളുടെ വിയോജിപ്പ് കമീഷനെ നേതാക്കൾ ഔദ്യോഗികമായി അറിയിക്കും. കർണാടകയിലെ മഹാദേവപുര നിയമസഭ സീറ്റിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

