ബംഗാളിൽ വോട്ട് ചോർച്ച; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഫാക്റ്റ്-ചെക്കിങ് പ്ലാറ്റ്‍ഫോം ആൾട്ട് ന്യൂസ്
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ടവർക്ക് വോട്ടുചെയ്യാൻ കഴിയാഞ്ഞപ്പോൾ, വോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ച പലരും ചെയ്ത വോട്ടുകൾ എങ്ങോട്ട് പോയെന്നറിയാതെ പകച്ചുനിൽക്കുന്നു. രാജർഹട്ട് ന്യൂടൗൺ മണ്ഡലത്തിലെ മുസ്‍ലിം ഭൂരിപക്ഷ ബൂത്തുകളിൽ പോലും, അവർ പിന്തുണച്ച സ്ഥാനാർഥിക്ക് വോട്ട് കിട്ടാതെ പോകുകയും ബി.ജെ.പി സ്ഥാനാർഥിക്ക് മേൽക്കൈ ലഭിക്കുകയും ചെയ്ത സ്ഥിതിയാണെന്ന് ഫാക്റ്റ്-ചെക്കിങ് പ്ലാറ്റ്‍ഫോമായ ആൾട്ട് ന്യൂസ്.
മണ്ഡലത്തിലെ 164ാം ബൂത്തിലെ വിചിത്രമായ വോട്ടിങ് പാറ്റേൺ അവർ ചൂണ്ടിക്കാട്ടുന്നു. സി.പി.എം-ഐ.എസ്.എഫ് സഖ്യം നിർത്തിയ സപ്തർഷി ദേബിന് ഒരേയൊരു വോട്ടാണ് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി തപസ് ചാറ്റർജിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ടും. ബൂത്തിൽ ആകെ രേഖപ്പെടുത്തപ്പെട്ട 656ൽ 637 വോട്ടുകളും നേടിയത് മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി പീയൂഷ് കനോഡിയയാണ്. ബൂത്തിലെ വോട്ടർമാരിൽ 88 ശതമാനവും മുസ്‍ലിംകളായിരിക്കെ ബി.ജെ.പി സ്ഥാനാർഥിക്കാണ് 97 ശതമാനം വോട്ടും ലഭിച്ചത്.
330 പോളിങ് ബൂത്തുകളുള്ള മണ്ഡലത്തിൽ 17ന് പകരം 18 റൗണ്ട് വോട്ടെണ്ണൽ നടന്നു. 17ാം റൗണ്ട് വരെ ടി.എം.സി സ്ഥാനാർഥിക്ക് പിന്നിലായിരുന്ന ബി.ജെ.പി സ്ഥാനാർഥി അവസാന റൗണ്ടിൽ മുന്നിലെത്തിയത് പോളിങ് ഏജന്‍റുമാരെയും അമ്പരപ്പിച്ചു. സി.പി.എമ്മിന്‍റെ പഞ്ചായത്ത് അംഗങ്ങളും ഐ.എസ്.എഫ് അണികളും അമ്പരപ്പ് മറച്ചുവെച്ചില്ല. ബൂത്ത് നമ്പർ 164 ലെ പുറത്തുവന്ന ഫലം വിശ്വസിച്ചാൽ വോട്ടർമാർ ഒന്നടങ്കം ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നാണ് വിശ്വസിക്കേണ്ടിവരുക. ആർക്കും വിശ്വസിക്കാനാകാത്ത കാര്യമാണ് അവർക്ക് മുന്നിലുള്ളത്.
താനും തന്‍റെ കുടുംബാംഗങ്ങൾ മുഴുവനും 164ാം ബൂത്തിൽ വോട്ട് ചെയ്ത സഖ്യ സ്ഥാനാർഥിക്ക് ഒരേയൊരു വോട്ടാണ് ലഭിച്ചതെന്ന് രണ്ടുതവണ സി.പി.എം പഞ്ചായത്ത് മെംബർ ആയിട്ടുള്ള അഹ്മദ് അലി ചൂണ്ടിക്കാട്ടി. പുറത്തുവന്ന ഫലം യുക്തിക്ക് നിരക്കാത്തതാണെന്നാണ് അദ്ദേഹത്തിന്‍റെയും പാർട്ടി അണികളുടെയും നിലപാട്. എന്നാൽ, ജനങ്ങളെല്ലാം തനിക്ക് വോട്ട് ചെയ്തെന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായതാണെന്നും അതിൽ എന്തിന് സംശയിക്കണമെന്നുമായിരുന്നു എം.എൽ.എ പീയൂഷ് കനോഡിയയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

