‘വോട്ട് ചോരി’യാണ് രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം; പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനമല്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വോട്ടു ചോരിയാണ് രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനമല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തിൽ മോദിയുടെ മണിപ്പൂർ സന്ദർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമർശം. എല്ലായിടത്തും ആളുകൾ ‘വോട്ട് ചോർ’ മുദ്രാവാക്യം ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി മണിപ്പൂർ പ്രശ്‌നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപബാധിത സംസ്ഥാനത്തേക്ക് പോവാൻ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല എന്നായിരുന്നു മറുപടി. രണ്ടു വർഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദർശനമാണിത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിന്റെ ‘സംഘടൻ സൃജൻ അഭിയാന്റെ’ (സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചാരണം) ഭാഗമായി ഈ മാസം 10 മുതൽ 19 വരെ ജുനഗഢിൽ പ്രാദേശിക പാർട്ടി നേതാക്കൾക്കായി ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
പരിപാടിയിൽ രാഹുൽ ജില്ലാ, നഗര യൂനിറ്റ് പ്രസിഡന്റുമാരെ അഭിസംബോധന ചെയ്യുകയും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി സംവദിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

