കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്തുണച്ചോളൂ; പക്ഷെ വോട്ട് ആം ആദ്മിക്ക് -കെജ് രിവാൾ
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ആം ആദ്മി പാർട്ടിയെ പിന്തുണക്കണമെന്ന് ഡൽഹി മുഖ് യമന്ത്രി അരവിന്ദ് കെജ് രിവാൾ. രാജ്യ തലസ്ഥാനമായ ഡൽഹിക്ക് വേണ്ടി ധാരാളം കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, ബി.ജെ.പി പാർട്ടികളെ പിന്തുണക്കുന്ന പ്രവർത്തകർ വോട്ട് ആം ആദ്മിക്ക് ചെയ്യണം. നിങ്ങൾ മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്താൽ ഡൽഹിയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും പ്രവർത്തനങ്ങൾ നല്ല നിലയിലാവില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് ആം ആദ്മി പാർട്ടി എതിരാണ്. പാർലമെന്‍റിലും നിയമത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാ റാലികളിലും അഭിമുഖങ്ങളിലും ഇതേ നിലപാടാണ് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ഡൽഹിയിലെ പ്രശ്നങ്ങൾ മുൻനിർത്തിയാകും എന്നാണ് വിശ്വസിക്കുന്നതെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി.
