വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ, ചിഹ്നങ്ങൾ പതിച്ച സ്ലിപ്പുകൾ പരിശോധിച്ച് നാട്ടുകാർ
text_fieldsവിവിപാറ്റ് സ്‍ലിപ്പുകൾ റോഡിൽ ചിതറിക്കിടക്കുന്നു
പട്ന: ബിഹാറിലെ സമസ്തിപുരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ പറന്നുനടന്നത് വിവാദമാകുന്നു. റോഡരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിന്‍റെ വിഡിയോയാണ് പുറത്തായത്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽനിന്നുള്ള സ്ലിപ്പുകളാണിതെന്ന് ആർ.ജെ.ഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ് നടത്തിയ ട്രയൽ (മോക്) പോളിങ്ങിന്റേതാണെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.
ട്രയൽ നടത്തിയതിനുശേഷം ബാക്കിവന്ന സ്ലിപ്പുകൾ നീക്കിയിരുന്നുവെന്നും, എന്നാൽ ബാക്കിവന്നതിൽ ചിലത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും സമസ്തിപുർ ജില്ല മജിസ്‌ട്രേറ്റ് റോഷൻ കുശ്‍വാഹ പറഞ്ഞു.‘ഞങ്ങൾ സ്ഥലം പരിശോധിച്ചു, ഈ സ്ലിപ്പുകൾ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ചിലത് ശരിയായ രീതിയിൽ നശിപ്പിച്ചിരുന്നില്ല. ഇവിഎം നമ്പറുകൾ ഉപയോഗിച്ച് ഉത്തരവാദികളായ പോളിങ് ജീവനക്കാരെ തിരിച്ചറിയാൻ കഴിയും, അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു. സ്ഥാനാർഥികളെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ഡി.എം കൂട്ടിച്ചേർത്തു. വൈറലായ വിഡിയോയിൽ നാട്ടുകാർ വിവിപാറ്റ് സ്‍ലിപ്പുകൾ എടുക്കുന്നതും പരിശോധിക്കുന്നതും കാണാവുന്നതാണ്.
സംഭവവുമായി ബന്ധപ്പെട്ട് മോക് പോളിൽ പങ്കെടുത്തിരുന്ന അസി.റിട്ടേണിങ് ഓഫിസർക്കെതിരെ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.കൃത്യവിലോപത്തിന്റെ പേരിൽ അസി.റിട്ടേണിങ് ഓഫിസറെ സസ്പെൻഡ് ചെയ്തു എന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സ്ഥിരീകരിച്ചു. സ്ഥലത്ത് നേരിട്ടുള്ള അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ജില്ല മജിസ്ട്രേറ്റിനോട് നിർദേശിച്ചു.
സംഭവം വോട്ടെടുപ്പ് പ്രക്രിയയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്‍റെ സുതാര്യത നിലനിർത്തുന്നുണ്ടെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും യഥാർഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ്, പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടുയന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിനായി മോക്ക് പോളുകൾ നടത്തുന്നത്. ഈ ട്രയലുകളിലെ വിവരങ്ങൾ വോട്ടെടുപ്പിന് മുമ്പ് മായ്ച്ചുകളയുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

