ദുരന്തം ആഘോഷമാക്കുന്നവർ! വിമാനം തകർന്നുവീണ സ്ഥലത്ത് സെൽഫിയെടുക്കാൻ തിക്കും തിരക്കും
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാനം തകർന്നുവീണ അഹ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ ഇപ്പോൾ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്രദേശത്തേക്ക് കാഴ്ച കാണാനെത്തുന്നവരുടെ തിക്കും തിരക്കും! വന്നവരെല്ലാം സെൽഫിയെടുക്കാനും വിഡിയോ പകർത്താനും തിരക്ക് കൂട്ടുന്നു, ശരിക്കും ദുരന്തത്തെ ആഘോഷിക്കുന്നവർ. രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായത്. ദുരന്തത്തിൽ 294 പേർ മരിച്ചതായാണ് വിവരം. ബോയിങ് 787-8 വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.
രക്ഷപ്പെട്ട ഏക വ്യക്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനാണ്. ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലുള്ള വിമാനത്തിന്‍റെ പിൻവശം മൊബൈലിൽ പകർത്താനാണ് ഭൂരിഭാഗവും തിരക്കുകൂട്ടുന്നത്. ചുട്ടുപൊള്ളുന്ന ചൂടൊന്നും ദുരന്തത്തെ ആഘോഷിക്കുന്നവർക്ക് ഒരു തടസ്സമല്ല, താപനില 40 ഡിഗ്രിയാണ് വെള്ളിയാഴ്ച പകൽ രേഖപ്പെടുത്തിയത്. ആളുകൾ കൂട്ടമായി എത്തുന്നത് പൊലീസിനും തലവേദനയായി.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പ്രായസപ്പെടുന്നുണ്ട്. നിരവധി യുവാക്കൾ എത്തുന്നുണ്ടെന്നും ഇവരെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഒരു പൊലീസുകാരൻ പറഞ്ഞു. അപകട സ്ഥലത്തേക്ക് ആർക്കും പ്രവേശനമില്ല. കിലോമീറ്ററുകൾ ദൂരത്തുള്ളവർ വരെ അപകട സ്ഥലത്തേക്ക് വരുന്നുണ്ട്. അതേസമയം, തകർന്നുവീണ് കത്തിയമർന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.
വിമാനം പതിച്ച ബി.ജെ മെഡിക്കൽ കോളജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിന്റെ മേൽക്കൂരയിൽനിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അറിയിച്ചു. വിമാനാപകടം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ബ്ലാക്ക് ബോക്സിൽനിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

