Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുസ്‍ലിം രാജ്യങ്ങളിൽ പള്ളികൾ സന്ദർശിക്കുന്നു, ഇവിടെ പൊളിക്കുന്നു’; മോദിക്കെതിരെ ഒളിയമ്പെയ്ത് മെഹ്ബൂബ മുഫ്തി

text_fields
bookmark_border
‘മുസ്‍ലിം രാജ്യങ്ങളിൽ പള്ളികൾ സന്ദർശിക്കുന്നു, ഇവിടെ പൊളിക്കുന്നു’; മോദിക്കെതിരെ ഒളിയമ്പെയ്ത് മെഹ്ബൂബ മുഫ്തി
cancel
camera_alt

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ പള്ളികൾ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ(ഫയൽ ചിത്രം)

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലെ മുസ്‍ലിം പള്ളികൾ സന്ദർശിക്കുകയും അവയുടെ പൈതൃകത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ നിലനിൽപ്പിന് ഭീഷണിയിലാക്കുന്ന നടപടികളോട് മൗനം പാലിക്കുന്നുവെന്ന് മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നൂറിലേറെ വർഷം പഴക്കമുള്ള പള്ളിക്കെതിരെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷയുടെ വിമർശനം.

'മുസ്‍ലിം രാജ്യങ്ങളിൽ പള്ളികൾ സന്ദർശിക്കുകയും അവയുടെ മഹത്വത്തെ പ്രശംസിക്കുകയും ഇസ്‍ലാമിക വികാരങ്ങളോടും പൈതൃകത്തോടും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സ്വന്തം രാജ്യത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള 120 വർഷം പഴക്കമുള്ള പൈതൃക പള്ളി ഒഴിപ്പിക്കൽ നോട്ടീസിനെ നേരിടുകയാണ്. വിദേശത്തെ പള്ളികളോടുള്ള ആദരവും ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തിന്റെ മതവികാരങ്ങളോടുള്ള അവഗണനയും തമ്മിലുള്ള ഈ വൈരുധ്യം അമ്പരപ്പിക്കുന്നതാണ്,' മെഹ്ബൂബ മുഫ്തി എക്സിൽ കുറിച്ചു.

വിദേശത്തെ പള്ളികൾ സന്ദർശിക്കുകയും ഇസ്‍ലാമിക പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ സമീപനവും ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും തമ്മിലുള്ള വൈരുധ്യമാണ് മുഫ്തിയുടെ വിമർശനം ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബറിൽ ബ്രൂണെയിലെത്തിയപ്പോൾ തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ ഉമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ചിരുന്നു. 2023 ജൂണിൽ ഈജിപ്ത് സന്ദർശനത്തിനിടെ കെയ്‌റോയിലെ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച അൽ ഹാകിം പള്ളിയും 2018 മേയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്കൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്തിഖ്‌ലാൽ പള്ളി സന്ദർശിച്ചിരുന്നു. 2018 ജൂണിൽ സിംഗപ്പൂർ സന്ദർശനത്തിനിടെ ജൂലിയ പള്ളി സന്ദർശിച്ചു. അതേ വർഷം ഫെബ്രുവരിയിൽ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് പള്ളി സന്ദർശിക്കുകയും സന്ദർശക പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. പിന്നീട് 2015 ആഗസ്റ്റിൽ യു.എ.ഇ സന്ദർശനത്തിനിടെ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് പള്ളി സന്ദർശിച്ചതും ശ്രദ്ധേയമാണ്.

ഡൽഹിയിലെ റേസ് കോഴ്‌സ് റോഡിലുള്ള ചരിത്രപ്രാധാന്യമുള്ള പള്ളിക്കെതിരെയാണ് അധികൃതർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ആറു ദിവസത്തിനകം സ്ഥലം ഒഴിയണമെന്നാണ് നിർദേശം. പള്ളിയുടെ വൈദ്യുതി, ജലവിതരണവും വിച്ഛേദിച്ചതായി റിപ്പോർട്ടുകളുണ്ട്. പള്ളി അനധികൃതമാണെന്ന് പ്രഖ്യാപിച്ച് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസാണ് (എൽ&ഡിഒ) ഒഴിയാൻ നിർദേശം നൽകിയത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പള്ളി ഡൽഹി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പള്ളി സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് എൽ&ഡിഒയുടെ നിലപാട്.

റേസ് കോഴ്‌സ് റോഡിലെ പള്ളിക്കെതിരായ നടപടിയിൽ അധികൃതരുടെ വിശദീകരണവും പള്ളിയുടെ ചരിത്രപരമായ പദവിയും നിയമപരമായ സംരക്ഷണവും നിർണായകമാണ്. ഒഴിപ്പിക്കൽ നോട്ടീസ് സംബന്ധിച്ച വിവാദം മതപൈതൃക സംരക്ഷണത്തെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ മതവികാരങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Visiting Mosques Abroad, Demolishing Here': Mehbooba Mufti Takes a Swipe at PM Modi
Next Story