ന്യൂഡൽഹി: ലോകം ഭയന്ന മഹാമാരിയെ വകവെക്കാതെ ഉമ്മയെയും സഹോദരങ്ങളെയും പോറ്റാൻ കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കുന്ന ജോലിയിലേർപ്പെട്ട ചാന്ദ് മുഹമ്മദിനും കുടുംബത്തിനും കനിവിെൻറ സുരക്ഷാകവചവുമായി 'വിഷൻ 2026'. ചാന്ദ് മുഹമ്മദിെൻറ പഠനം പുനരാരംഭിക്കാനും ഉമ്മയുടെ ചികിത്സക്കും സഹോദരിമാരുടെ പഠന പദ്ധതിയുമായാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനു കീഴിലെ'വിഷൻ 2026' പ്രതിനിധികൾ ഡൽഹി സീലംപുരിലെ വീട്ടിലെത്തിയത്. ഒപ്പം, ലോക്ഡൗൺ കാരണം ജോലി നഷ്ടമായ ജ്യേഷ്ഠൻ സാഖിബിന് കട തുടങ്ങാനുള്ള സഹായവും കുടുംബത്തിെൻറ പ്രതിസന്ധി നീങ്ങും വരെ റേഷനും വിഷൻ ഏറ്റെടുത്തു.
തൈറോയ്ഡ് രോഗം ബാധിച്ച ഉമ്മക്ക് മരുന്നുവാങ്ങാനും കുടുംബത്തിെൻറ പട്ടിണി മാറ്റാനുമായി, ഇന്നത്തെ കാലത്തെ ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്ന് ഏറ്റെടുത്ത ചാന്ദ്മുഹമ്മദിെൻറ ജീവിതം സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ദിവസക്കൂലിക്കാരനായ മുഹമ്മദ് മുമീെൻറ ആറു മക്കളിൽ രണ്ടാമനാണ് ചാന്ദ് മുഹമ്മദ്. ലോക്ഡൗൺ വന്നതോടെ മുമീെൻറയും സെയിൽസ്മാനായ സാഖിബിെൻറയും ജോലി നഷ്ടമായി. ഇതോടെ ചാന്ദ്മുഹമ്മദ് ജോലി തേടി ഇറങ്ങുകയായിരുന്നു. ഡൽഹി ലോക്നായക് ജയ്പ്രകാശ് നാരായണ് ആശുപത്രിയിൽ കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനും സംസ്കരിക്കാനും സഹായിക്കുന്ന ജോലിയാണ് കിട്ടിയത്.
മെഡിസിന് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ ഇരുപതുകാരൻ പഠനം മുടങ്ങിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻറ് ജോലിയും ചെയ്തിരുന്നു. ചാന്ദ്മുഹമ്മദിെൻറ ഹയർസെക്കൻഡറി മുതലുള്ള പഠനവും സഹോദരിമാരുടെ തുടർപഠനവും വിഷൻ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇവരുടെ വീട് സന്ദർശിച്ച ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രതിനിധി ഡോ. മുഹമ്മദ് ആരിഫ് കുടുംബത്തിന് ഉറപ്പുനൽകി.