രാജ്യപുരോഗതിക്ക് മികച്ച നേതാക്കളെ വാർത്തെടുക്കാൻ ‘വിഷൻ 2026’ ലീഡ് -100 പദ്ധതി പ്രഖ്യാപിച്ചു
text_fieldsവിഷൻ 2026ന്റെ ഭാഗമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ആരംഭിക്കുന്ന ലീഡ് 100 പദ്ധതിയുടെ ലോഗോ അനാഛാദനം ന്യൂഡൽഹിയിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറാജ് ഹുസൈൻ, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അമീർ സാദത്തുല്ല ഹുസൈനി, വിഷൻ 2026 ചെയർമാൻ ടി. ആരിഫലി, ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ മുഹമ്മദ് ജാഫർ, ജനറൽ സെക്രട്ടറി എം. സാജിദ്, ട്രസ്‌റ്റംഗങ്ങളായ ഡോ. എസ്ക്യുആർ ഇൽയാസ്, ഡോ. ഹസൻ റസാ, മുജ്തബ ഫാറൂഖ്, സിഇഒ പി.കെ. നൗഫൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ന്യൂഡൽഹി: വിഷൻ 2026ന്റെ ഭാഗമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ആരംഭിക്കുന്ന ലീഡ് 100 പദ്ധതിക്ക് (ലീഡർഷിപ്പ് എക്സലൻസ് ഫോർ അഡ്വാൻസ്മെന്റ് ആൻഡ് ഡെവലപ്മെന്റ്) തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറാജ് ഹുസൈൻ, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അമീർ സാദത്തുല്ല ഹുസൈനി, വിഷൻ 2026 ചെയർമാൻ ടി. ആരിഫലി, ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ മുഹമ്മദ് ജാഫർ, ജനറൽ സെക്രട്ടറി എം. സാജിദ്, ട്രസ്‌റ്റംഗങ്ങളായ ഡോ. എസ്ക്യുആർ ഇൽയാസ്, ഡോ. ഹസൻ റസാ, മുജ്തബ ഫാറൂഖ്, സിഇഒ പി.കെ. നൗഫൽ എന്നിവർ സംയുക്തമായി ലോഗോ അനാഛാദനം ചെയ്താണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളിൽ നിന്ന് പ്രതിഭാശാലികളായ 100 വിദ്യാർഥികളെ തെരഞ്ഞെടുത്ത് വിവിധ മേഖലകളിൽ പരിശീലനവും മാർഗനിർദേശവും നൽകി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ശക്തരും സേവനതൽപരരുമായ നേതാക്കളെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ അഞ്ച് വർഷങ്ങളിൽ 20 വീതം വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. ഹയർ സെക്കൻഡറി മുതൽ പോസ്റ്റ് ഡോകടറൽ വരെയുള്ള വിദ്യാഭ്യാസത്തിന് കൃത്യമായ മാർഗദർശനവും സാമ്പത്തിക പിന്തുണയും ലഭ്യമാക്കും.
നിലവിൽ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേകം സജ്ജീകരിച്ച ഹോസ്റ്റൽ സൗകര്യത്തോടെ ഡൽഹിയിലെ മികച്ച സ്‌കൂളുകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നൽകും. ബിരുദ, ബിരുദാനന്തര പഠനത്തിന് രാജ്യത്തിനത്തും പുറത്തുമുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠനസൗകര്യം ഒരുക്കും.
പോസ്റ്റ് ഡോകടറൽ തലം വരെയുള്ള വിദ്യാഭ്യാസ ഘട്ടങ്ങളിൽ സാമ്പത്തിക പിന്തുണക്ക് പുറമെ കൃത്യമായ അക്കാദമിക മാർഗദർശനവും ദേശീയ-അന്തർദേശീയ തലത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമായും ഇടപഴകലുകൾക്കും അവസരം ലഭ്യമാക്കും. പ്രവേശന പരീക്ഷ, ഇൻറർവ്യൂ, ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുക. പഠനനിലാവരത്തിന് പുറമെ നേതൃഗുണങ്ങൾ, സാമൂഹികാവബോധം, സാമൂഹ്യസേവന സന്നദ്ധത തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചാവും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നത്.
പഠനകാലത്ത് അക്കാദമിക പുരോഗതിയോടൊപ്പം നേതൃപരിശീലനം, വിമർശനാത്മകചിന്ത, ആശയവിനിമയം, നൈതിക മൂല്യങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കും LEAD 100 പ്രാധാന്യം നൽകും. പബ്ലിക് പോളിസി, നിയമം, കോർപറേറ്റ് മാനേജ്മെൻറ്, സാമൂഹ്യ സംരംഭങ്ങൾ, ടെക്നോളജി, സിവിൽ സർവിസ് എന്നി ആറ് മേഖലകളിൽ മികവും ആത്മവിശ്വാസവും സാമൂഹിക സേവന സന്നദ്ധതയും ധാർമികതയും പുലർത്തുന്ന ശക്തരായ നേതാക്കളെ വളർത്തിയെടുക്കുക എന്നതാണ് LEAD 100 പദ്ധതിയിലൂടെ ആത്യന്തികമായി ഉദ്ദേശിക്കുന്നത്. നിരന്തരമായ മെൻററിങ്, മാർഗദർശനങ്ങൾ, പരിശീലനങ്ങൾ, ബൗദ്ധികവും പ്രായോഗികവുമായ ഉന്നതിക്കാവശ്യമായ സാഹചര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയിലൂടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി തയ്യാക്കിയിട്ടുള്ളത്.
രാജ്യപുരോഗതിക്കുതകുംവിധം പാർശ്വവൽകൃത സമൂഹങ്ങളെ കൂടി ചേർത്തുപിടിച്ച് കൊണ്ട് വിഷൻ 2026 നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ LEAD 100 മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

