Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ താങ്കൾ ആരാണ്?’; വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

text_fields
bookmark_border
news
cancel

ന്യൂഡൽഹി: ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ അഗ്നിഹോത്രി ആരാണെന്നും മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ ചോദിച്ചു.

'മതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഹിന്ദുമതത്തെക്കുറിച്ച്, ആരും അറിവ് പങ്കുവക്കെണ്ടതില്ലെന്നും എല്ലാവരും അറിവുള്ളവരാണെ'ന്നുളള അഗ്നിഹോത്രിയുടെ പരാമർശത്തോടായിരുന്നു ബൻസാലിന്റെ പ്രതികരണം. സിനിമാ മേഖലയിൽ മുഴുകിയിരിക്കുന്നവർക്കും ഈ പ്രസ്താവന ബാധകമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

മതത്തെക്കുറിച്ചുള്ള തന്റെ മുൻ പരാമർശത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അഗ്നിഹോത്രി പുതിയ കുറിപ്പുമായി രംഗത്തെത്തിയത്. മതവിശ്വാസികളോട്, പ്രത്യേകിച്ച് ഹിന്ദുമതത്തെക്കുറിച്ച്, എക്സിൽ അറിവ് പങ്കുവക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.

അന്ധവിശ്വാസങ്ങൾ, അത്ഭുതങ്ങൾ, അശാസ്ത്രീയമായ നിർവചനങ്ങൾ, റീൽ ചിത്രീകരിക്കാനായി മതകേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടം എന്നിവയെ ഹിന്ദുമതമായി കാണുന്നവർക്ക് അവരുടെ വിശ്വാസവുമായി മുന്നോട്ടുപോകാമെന്നായിരുന്നു അഗ്നിഹോത്രിയുടെ പരാമർശം. ഉപനിഷത്തുകളുടെ രചയിതാക്കളും മഹാന്മാരായ ഹിന്ദു ദാർശനികരും സ്വാമി വിവേകാനന്ദനും ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി ദർഗകൾ, മദ്രസകൾ, പള്ളികൾ, രോഗശാന്തി ശുശ്രൂഷകൾ എന്നിവിടങ്ങളിൽ ഇത്തരം അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ ആചാരങ്ങളും കാണുന്നില്ലേയെന്ന് ബൻസാൽ ചോദിച്ചു. ഇത്തരം അനുഭവങ്ങൾ നേരിട്ടവരെ കണ്ടുമുട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു സംഘടനയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ ഇരകളുടെ വീഡിയോകൾ ലഭ്യമാണെന്നും ബൻസാൽ അവകാശപ്പെട്ടു.

‘തെറ്റിദ്ധാരണകൾക്ക് മരുന്നില്ല’ എന്ന അഗ്നിഹോത്രിയുടെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും എന്നാൽ മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണമെന്നും ബൻസാൽ പറഞ്ഞു. മതത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് വിഷയത്തിൽ അറിവുള്ള സന്യാസിമാരിൽനിന്നും പണ്ഡിതരിൽനിന്നും അറിവ് നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ കൈഞ്ചി ധാമിൽ വലിയ ജനക്കൂട്ടം ഒത്തുകൂടിയതിന്റെ വിഡിയോ അഗ്നിഹോത്രി നേരത്തെ എക്സിൽ പങ്കുവച്ചിരുന്നു. മതത്തിന് നികുതി ചുമത്താൻ സർക്കാരിന് കഴിഞ്ഞാൽ ഒറ്റരാത്രികൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇതിനെതിരെ നേരത്തെ ബൻസൽ വിമർശനം ഉന്നയിച്ചിരുന്നു. പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണോ അഗ്നിഹോത്രിയുടെ പരാമർശങ്ങളെന്നും ബൻസാൽ ചോദിച്ചിരുന്നു. അഗ്നിഹോത്രിയുടെ സിനിമകളെ പിന്തുണക്കുകയും അവയുടെ വിജയത്തിന് സഹായിക്കുകയും ചെയ്തത് വിശ്വാസികളും ദേശീയവാദികളുമായ ഹിന്ദു സമൂഹമാണെന്നും ബൻസാൽ അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Who are you to question Hinduism?'; Vishva Hindu Parishad against Vivek Agnihotri
Next Story