ജി20 കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ കൈയടിനേടി വിഷ്ണുവും റുക്സാനയും
text_fieldsഡൽഹിയിൽ നടന്ന ജി20 കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ ഭിന്നശേഷിക്കാരായ വിഷ്ണുവിന്റെ ഇന്ദ്രജാലവും റുക്സാനയുടെ വയലിന് വാദനവും ആസ്വദിക്കുന്ന പ്രതിനിധികൾ
ന്യൂഡൽഹി: തിരുവനന്തപുരം ഡിഫറന്റ ആര്‍ട് സെന്ററിലെ സെറിബ്രല്‍ പാഴ്സി ബാധിതനും സംസാരിക്കാന്‍ ഏറെ പ്രയാസവുമുള്ള ആർ. വിഷ്ണുവിന്റെ ഇന്ദ്രജാല പ്രകടനത്തിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന റുക്സാന അന്‍വറിന്റെ വയലിന് വാദനവും നിറഞ്ഞ കൈയടികളോടെ സ്വീകരിച്ച് ജി20 കോ-ബ്രാന്‍ഡ് സമ്മേളനം.
ആറില്‍നിന്ന് മൂന്ന് കാര്‍ഡുകള്‍ മാറ്റിയിട്ടും ആറു കാര്‍ഡുകള്‍ അവശേഷിപ്പിച്ച വിഷ്ണുവിന്റെ ഇന്ദ്രജാലത്തിന്റെ കൈവഴക്കവും കണ്ണാംതുമ്പി പോരാമോ എന്ന മലയാള ഗാനം വയലിനിലൂടെ അവതരിപ്പിച്ച് റുക്സാന സംഗീതത്തിന്റെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, ലോകാരോഗ്യസംഘടന രാജ്യതലവന് ഡോ. റോഡ്രികോ ഓഫ്രിന്‍ അടക്കമുള്ളവരെ അമ്പരപ്പിച്ചു.
ജി20യുടെ ഭാഗമായി കൗമാരക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുന്നതിനായി ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുള്ള മികച്ചതും മാതൃകാപരവുമായി പ്രവര്‍ത്തനങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് പ്ലയിസ് പരിപാടിയിലാണ് ഡൽഹിയിൽ ചൊവ്വാഴ്ച ഇരുവരും പങ്കെടുത്തത്.
2017 മുതല്‍ വിഷ്ണു ഇന്ദ്രജാലത്തിലും 2019 മുതല്‍ റുക്സാന ഉപകരണ സംഗീതത്തിലും ഡിഫറന്റ് ആര്‍ട് സെന്ററില്‍ പരിശീലനം നേടിവരുകയാണ്. പരിശീലനത്തിനെത്തിയ വിഷ്ണു ആദ്യകാലങ്ങളില്‍ ഒരു വസ്തുപോലും കൃത്യമായി പിടിക്കാന്‍ സാധിക്കാത്ത കുട്ടിയായിരുന്നു.
എന്നാല്‍, വര്‍ഷങ്ങളുടെ നിരന്തര പരിശീലനത്തിനൊടുവില്‍ പ്രഫഷനല്‍ ജാലവിദ്യക്കാര്‍ അവതരിപ്പിക്കുന്ന ഹൂഡിനി എസ്കേപ്പ് പോലുള്ള അത്യന്തം സങ്കീര്‍ണമായ ജാലവിദ്യകള്വരെ വിഷ്ണു അനായാസം അവതരിപ്പിക്കുമെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടറും ഇന്ദ്രജാല പരിശീലകനുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

