അരുണാചലിൽ സിയാങ് ജലവൈദ്യുത പദ്ധതിക്കെതിരെ വൻ പ്രതിഷേധം; സൈന്യത്തെ വിന്യസിച്ചു
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ വിവാദമായ 11,200 മെഗാവാട്ടിന്റെ സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് കേന്ദ്രം ദ്രുതകർമ്മ സേനയെ )വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സിആർപിഎഫിന്റെ കീഴിലുള്ള ആർഎഎഫിന്റെ രണ്ട് കമ്പനികളെയാണ് (ഏകദേശം 250 പേർ) നവി മുംബൈയിൽ നിന്നും വ്യോമസേനാ വിമാനത്തിൽ അരുണാചലിലേക്ക് അയച്ചത്. ഞായറാഴ്ചയോടെ ഇവർ പാസിഘട്ടിലെത്തി സേവനമാരംഭിക്കും.
സിയാങ്, അപ്പർ സിയാങ്, ഈസ്റ്റ് സിയാങ് ജില്ലകളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് വെള്ളിയാഴ്ച വലിയതോതിൽ സമാധാനപരമായിരുന്നു. എന്നാൽ ബന്ദ് അവസാനിച്ചതിന് പിന്നാലെ പാസിഘട്ടിൽ വലിയ തോതിൽ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമങ്ങൾ ശനിയാഴ്ച പുലർച്ചെ 3.30 വരെ നീണ്ടുനിന്നു.
‘ജെൻ സി’ തലമുറയിൽപ്പെട്ടവരാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഈസ്റ്റ് സിയാങ് ജില്ലയിലെ നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ ഓഫീസും ഒരു പൊലീസ് സ്റ്റേഷനും പ്രക്ഷോഭകർ തീവെച്ചു നശിപ്പിച്ചു. കൂടാതെ രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വസതികൾ അടിച്ചുതകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
കല്ലേറിൽ നാൽപ്പതിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കണ്ണീർവാതക ഷെൽ പതിച്ച് പ്രതിഷേധക്കാരന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും കേന്ദ്രസേനയും നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് കൂടുതൽ വലിയ ദുരന്തങ്ങൾ ഒഴിവായത്. നിലവിൽ ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ മൂന്ന് ബറ്റാലിയൻ സി.ആർ.പി.എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ക്രമസമാധാനനില തകർന്നതിനെ തുടർന്ന് ഈസ്റ്റ് സിയാങ് ജില്ല ഭരണകൂടം പാസിഘട്ട്, മെബോ, രൂക്സിൻ എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം ജാതി-മത ഭേദമന്യേ എല്ലാവർക്കുമുണ്ടെന്നും എന്നാൽ അത് ഒരിക്കലും നിയമത്തിന്റെ പരിധി ലംഘിക്കുന്നതോ പൊതുമുതൽ നശിപ്പിക്കുന്നതോ ആവരുതെന്നും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമാ ഖണ്ഡു വ്യക്തമാക്കി.

