അച്ചടക്കം ലംഘിച്ചാൽ കർശന നടപടി- എ.ഐ.സി.സി
text_fieldsഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്തെ യോഗത്തിന്
ശേഷം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒരുമിച്ച്
മാധ്യമങ്ങളെ കണ്ടപ്പോൾ
ന്യൂഡൽഹി: പാർട്ടി നിലപാടിന് വിരുദ്ധമായി ആരെങ്കിലും സംസാരിച്ചാൽ കർശന നടപടിയെടുക്കുമെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുമ്പോൾ ജനാഭിലാഷത്തെ അട്ടിമറിക്കുന്ന സമീപനം ഒരു നേതാവിൽ നിന്നുമുണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരള നേതാക്കളെ ഓർമിപ്പിച്ചു. കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടി എങ്ങനെ നീങ്ങണമെന്നും പാർട്ടിയുടെ തന്ത്രങ്ങൾ എന്തായിരിക്കണമെന്നും ആലോചിച്ച യോഗം നേതൃമാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കി.
പാർട്ടിയുടെ നിലപാടിൽനിന്ന് ഭിന്നമായി ഏതെങ്കിലും ഒരു വ്യക്തിയുടെ കാഴ്ചപ്പാട് മാധ്യമങ്ങളിലൂടെ പുറത്തുവന്നാൽ ശക്തമായ നടപടിയെടുക്കും. ജനാഭിലാഷത്തെ അനാദരിക്കാൻ ഒരാൾക്കും അവകാശമില്ല. എൽ.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ എല്ലാ കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടാണെന്ന് യോഗം തെളിയിച്ചതായി ദീപ ദാസ് മുൻഷി പറഞ്ഞു.
മാധ്യമങ്ങൾക്ക് മുമ്പിൽ പോയി വ്യത്യസ്ത പ്രസ്താവനകൾ നൽകാനോ വ്യത്യസ്ത ചിന്താഗതികൾ വളർത്താനോ ഒരാൾക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ടാകില്ലെന്ന് യോഗതീരുമാനം വിശദീകരിച്ച സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കൂട്ടായ നേതൃത്വമായി പാർട്ടി മുന്നോട്ടുപോകും. പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഐക്യമുന്നണിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള തീരുമാനമെടുത്താണ് കേരളത്തിലെ നേതാക്കൾ പിരിയുന്നത്. കേരളത്തിലെ കോൺഗ്രസിനകത്ത് ഐക്യസന്ദേശമാണ് ഇന്നത്തെ യോഗം നൽകിയതെന്ന് വേണുഗോപാൽ പറഞ്ഞു. ഏപ്രിലിൽ നടക്കുന്ന വാർഡ് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും.
ശശി തരൂർ തിരുത്തി; ഇനി പ്രശ്നമുണ്ടാക്കേണ്ട
താൻ മലയാളത്തിൽ പറഞ്ഞതല്ല ഇംഗ്ലീഷിൽ കൊടുത്തതെന്ന് ശശി തരൂർ ഇതിനകംതന്നെ വ്യക്തത വരുത്തുകയും തിരുത്തുകയും ചെയ്തുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. യോഗത്തിൽ പാർട്ടി നൽകിയ മുന്നറിയിപ്പ് തരൂരിന് മാത്രമല്ല, പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച മറ്റു നേതാക്കൾക്കും ബാധകമാണ്. തരൂർ എന്നല്ല ആരായാലും ഒരു നേതാവും പാർട്ടി ലൈനിനപ്പുറം പോകരുത്.
ശശി തരൂർ ഇതിനകം വ്യക്തതവരുത്തിയ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു. സംഘടനയെക്കുറിച്ചും അതിനെ ശക്തമാക്കുന്നതിനക്കുറിച്ചും സംസാരിച്ച ശശി തരൂർ താൻ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

