അയോധ്യയിലെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷപരാമർശവുമായി മുൻ ബി.ജെ.പി എം.പി ; മൗനം പാലിച്ച് പാർട്ടിയും സർക്കാറും
text_fieldsവിനയ് കത്യാർ
ലഖ്നോ: അയോധ്യയിലെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി മുൻ എം.പിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിനയ് കത്യാർ. മുസ്‍ലിംകൾ എത്രയും പെട്ടെന്ന് അയോധ്യ വിടണമെന്നാണ് കത്യാറിന്റെ പരാമർശം. സെപ്തംബർ 24ന് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം പരാമർശം നടത്തിയത്. ക്ഷേത്ര നഗരത്തിലെ സാമൂഹിക ഐക്യം തകർന്നതാണ് പരാമർശമെന്ന് വ്യാപക വിമർശനം ഉയർന്നിട്ടും ഇക്കാര്യത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വം ഒരു പ്രതികരണവും നടത്തിയിട്ടില്ല. നടപടിയെടുക്കാൻ സംസ്ഥാന സർക്കാറും തയാറായിട്ടില്ല.
മുസ്‍ലിംകൾക്ക് ഇവിടെ താമസിക്കാൻ ഒരു അവകാശവുമില്ല. അവർ ഗോണ്ടയിലേക്കോ ബസ്തിയിലേക്കോ പോകണം. അവരെ എന്ത് വിലകൊടുത്തും അയോധ്യയിൽ നിന്ന് മാറ്റും. ബാബറി മസ്ജിദിന് പകരമായി അയോധ്യയിൽ പള്ളി പണിയാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമജന്മഭൂമി പ്രക്ഷോഭത്തിൽ സജീവമായിരുന്ന നേതാവാണ് വിനയ് കത്യാർ. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ്ദള്ളിന് 1984ൽ അദ്ദേഹമാണ് രൂപം കൊടുക്കുന്നത്. 1991,1996,1999 വർഷങ്ങളിൽ അദ്ദേഹം ലോക്സഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006,2012 വർഷങ്ങളിൽ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992ലെ ബാബരി മസ്ജിദ് ധ്വംസന കേസിൽ പ്രതിയായ കത്യാറിനെ 2020ൽ കോടതി വെറുതെ വിട്ടു.
അതേസമയം, ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഢ് രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തുകൊണ്ടാണെന്നും ‘ന്യൂസ് ലോണ്‍ഡ്രി’ വാർത്താ പോർട്ടലിനു നൽകിയ അഭിമുഖത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു. പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നും അതിന് പുരാവസ്തു രേഖകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയെക്കുറിച്ച്, വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പള്ളി പണിയുന്നതിനു മുമ്പ് ഒരു ഘടന പൊളിച്ചുമാറ്റി എന്നതിന് പുരാവസ്തു തെളിവുകൾ ഇല്ലെന്ന സുപ്രീംകോടതിയുടെ വിധി തന്നെ അഭിമുഖകാരൻ പരാമർശിച്ചിട്ടും, പള്ളിയുടെ നിർമാണം ‘അടിസ്ഥാനപരമായ അവഹേളന പ്രവൃത്തി’യാണെന്ന് അദ്ദേഹം ഞെട്ടലുളവാക്കുന്ന തരത്തിൽ വാദിച്ചു.
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഗ്യാൻവാപി പള്ളിയുടെ സർവേക്ക് അദ്ദേഹം എന്തിനാണ് അനുമതി നൽകിയതെന്ന് ചോദിച്ചപ്പോൾ, സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞു. ‘യുഗങ്ങളായി ഹിന്ദുക്കൾ പള്ളിയുടെ നിലവറയിൽ ആരാധന നടത്തിയിരുന്നുവെന്ന്’ അദ്ദേഹം അവകാശപ്പെട്ടു. മുസ്‍ലിംപക്ഷം നിരന്തരം ഈ അവകാശവാദത്തെ എതിർക്കുന്നുണ്ടെങ്കിലും അതിൽ ഒരു ‘തർക്കത്തിനും ഇടയില്ല’ എന്നാണ് പ്രശ്നത്തെ ശ്രീനിവാസന്‍ വിജയനുമായുള്ള അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

