സ്ത്രീകളെ ശല്യം ചെയ്ത മൂന്നുപേരെ മരത്തിൽകെട്ടിയിട്ട് മർദിച്ചശേഷം പൊലീസിന് കൈമാറി; നാലുേപർക്കായി തിരച്ചിൽ
text_fieldsകൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ സ്ത്രീകളെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്ത മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് പ്രതികളെ പൊലീസിന് കൈമാറി.
ധർമപുരി -തിരുപ്പത്തൂർ ഹൈവേയിൽ ചരക്കുവാഹനത്തിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഒരു കൂട്ടം സ്ത്രീകൾ. ഏഴുപേരടങ്ങിയ സംഘം സ്ത്രീകളെ കാറിൽ പിന്തുടരുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയുമായിരുന്നു.
കാർ പിന്തുടർന്നതിനെ തുടർന്ന് ഡ്രൈവർ മണികണ്ഠൻ വാഹനത്തിന്റെ വേഗത കൂട്ടി. ഇതേസമയം കാർ മുന്നോട്ടെടുക്കുകയും വാഹനത്തിന്റെ മുമ്പിൽ നിർത്തിയിടുകയും ചെയ്തു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തമ്മിൽ തർക്കവും ഉടലെടുത്തു. ഇതോടെ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടുകയായിരുന്നു.
ഏഴുപേരിൽ മൂന്നുപേരെ പിടികൂടുകയും മരത്തിൽ കെട്ടിയിടുകയുമായിരുന്നു. ഇവരെ മർദിക്കുകയും ചെയ്തതായി പറയുന്നു. നാലുപേർ ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നതായി ഗ്രാമവാസികൾ ആരോപിച്ചു.
തിരുപ്പത്തൂർ സ്വദേശികളായ ഗൗതം, കാർത്തിക്, വല്ലരസു എന്നിവരാണ് പിടിയിലായവർ. സംഭവത്തിൽ മറ്റു നാലു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

