കടുവയെ പിടികൂടുന്നതിൽ അനാസ്ഥ; വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് കർഷകർ
text_fieldsവനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് കർഷകർ
ബംഗളൂരു: കടുവയെ പിടികൂടാൻ വനം വകുപ്പിന് കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് കർഷകർ. പത്തിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ അടച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള ഗുണ്ടൽപേട്ടിനടുത്താണ് സംഭവം.
ബഫർ സോണിന്‍റെ പരിധിയിൽ വരുന്ന ബൊമ്മലാപുര ഗ്രാമത്തിൽ ജനങ്ങൾ രണ്ട് മാസമായി കടുവ ഭീതിയിലാണ്. നിരവധി കന്നുകാലികളെ കൊന്നുതിന്നു. കടുവയെ പിടികൂടാനായി നിരന്തരം പരാതികൾ വനംവകുപ്പിന് നൽകിയെങ്കിലും വനം വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് വകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ജനങ്ങൾ കൂട്ടിലടക്കുകയായിരുന്നു.
ഇന്ന് രാവിലെ കൃഷിയടത്തിൽ കടുവ വീണ്ടും ഇറങ്ങിയതോടെ പ്രദേശവാസികൾ വനംവകുപ്പിൽ വിവരമറിയിച്ചു. എന്നാൽ വനംവകുപ്പ് വരാൻ വൈകിയതോടെ കടുവ അപ്രത്യക്ഷമായി. അതിൽ പ്രകോപിതരായ പ്രദേശവാസികൾ കടുവയെ പിടിക്കാൻ വന്ന 10 വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ടു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ് ബന്ദിപ്പൂരിലെയും ഗുണ്ടൽപേട്ടിലെയും എ.സി.എഫ്.മാർ സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിച്ച് ജീവനക്കാരെ വിട്ടയച്ചു. കടുവയെ പിടികൂടുന്നതുവരെ ആസ്ഥാനത്തേക്ക് മടങ്ങരുതെന്ന് രണ്ട് എ.സി.എഫ്.മാരും ജീവനക്കാരോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

