റോഡിനായി കാത്തിരുന്നത് 75 വർഷം; ഒടുവിൽ സ്വന്തമായി ഫണ്ട് പിരിച്ച് റോഡ് നിർമിച്ച് ഉത്തർപ്രദേശിലെ ഗ്രാമവാസികൾ, വോട്ടു ചോദിച്ചെത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഗ്രാമത്തിൽ വിലക്ക്
text_fieldsആഗ്ര: 70 വർഷം പുറകെ നടന്നിട്ടും റോഡ് നിർമിച്ചു നൽകാൻ അധികാരികൾ തയാറായില്ല. ഒടുവിൽ സ്വന്തമായി പണം പിരിച്ച് റോഡ് നിർമിച്ച് ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിലെ മജ്റ രാജ്പൂർ ഗ്രാമത്തിലെ ജനങ്ങളാണ് അധികാരികളുടെ അവഗണനക്കെതിരെ ഒത്തൊരുമിച്ചത്. പ്രധാന പാതയുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന ശോചനീയാവസ്ഥയിലുള്ള റോഡ് നന്നാക്കി നൽകുന്നതിനു വർഷങ്ങളായി ഗ്രാമവാസികൾ ആവശ്യപ്പെട്ടിരുന്നു.
വികസനത്തിനു വേണ്ടി അപേക്ഷിച്ചു തളർന്നപ്പോഴാണ് തങ്ങൾ സ്വന്തമായി റോഡ് നിർമിക്കാൻ തയാറായെതെന്ന് ഗ്രാമവാസികൾ പറയുന്നു. 200 മീറ്റർ നീളവും 8 അടി വീതിയുമുള്ള റോഡ് പതിറ്റാണ്ടുകളായി തകർന്ന് കിടക്കുകയായിരുന്നു. മറ്റു റോഡുകൾ ഉണ്ടെങ്കിലും ഇവക്ക് ദൂരം കൂടുതലായിരുന്നു. പ്രധാന പാതയിൽ എത്തുന്നതിനുള്ള എളുപ്പ വഴിയായിരുന്നു ഇത്.
മഴ പെയ്താൽ റോഡിൽ നിറയെ ചെളിക്കെട്ടാവും. കുട്ടികൾ സ്കൂളിൽ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും ഗ്രാമവാസികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്നു തവണ മാറി വന്ന സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി, ബി.ജെ പിയിൽ നിന്നുള്ള നേതാക്കൻമാരോട് തങ്ങളുടെ റോഡ് നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും ആരും അത് ചെവികൊണ്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിക്കു കീഴിൽ റോഡ് നിർമാണത്തിന് അപേക്ഷിച്ചെങ്കിലും അതിലും നടപടിയുണ്ടായില്ല. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്നിവരോടെല്ലാം അപേക്ഷിച്ചിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
ക്ഷമ നഷ്ടപ്പെട്ട് ഗ്രാമവാസികൾ ഒടുവിൽ ഫണ്ട് കണ്ടെത്തി സ്വന്തമായി റോഡു നിർമിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. 20 ഓളം യുവാക്കളും മുതിർന്നവരും ചേർന്ന് 70000 രൂപ പിരിച്ചെടുത്താണ് റോഡ് നിർമാണം നടത്തിയത്. പൊട്ടിച്ച കട്ടകൾ നിരത്തി വളരെ കുറച്ചു ദിവസം കൊണ്ടു തന്നെ റോഡുകൾ നിർമിച്ചു തീർന്നു.
250 താമസക്കാരും 90 വോട്ടർമാരുമുള്ള ഗ്രാമത്തിൽ എല്ലാ തവണയും മുടങ്ങാതെ വോട്ടു ചെയ്തിട്ടും ഒരു ജനപ്രതിനിധിപോലും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയെയും വോട്ടു ചോദിച്ച് ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഗ്രാമവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

