ഭോപ്പാൽ: മധ്യപ്രദേശിലെ വീട്ടമ്മക്ക് പന്നയിലെ ഖനിയിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം ലഭിച്ചതായി റിപ്പോർട്ട്. ഗുണനിലവാരമുള്ള 2.08 കാരറ്റ് വജ്രമാണ് ലഭിച്ചത്. ചമേലി ബായി എന്ന വീട്ടമ്മക്കാണ് കൃഷ്ണ കല്യാൺപൂർ പതി പ്രദേശത്ത് പാട്ടത്തിനെടുത്ത ഖനിയിൽ നിന്ന് വജ്രം ലഭിച്ചത്. പന്നയിലെ ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.
ലേലത്തിൽ വജ്രത്തിന് നല്ല വില ലഭിക്കുകയാണെങ്കിൽ പന്ന നഗരത്തിൽ ഒരു വീട് വെക്കാൻ ആഗ്രഹമുണ്ടെന്ന് യുവതിയുടെ ഭർത്താവും കർഷകനുമായ അരവിന്ദ് സിങ് പറഞ്ഞു. ലേലം ചെയ്യാനായി വജ്രം ഡയമണ്ട് ഓഫീസിന് യുവതി കൈമാറിയിരിക്കുകയാണ്.
വജ്രം അടുത്ത ലേലത്തിൽ വിൽപ്പനക്ക് വെക്കുമെന്നും സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് വില നിശ്ചയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ച് ശേഷം ലഭിക്കുന്ന തുക യുവതിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
വജ്ര ഖനനത്തിൽ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് കൃഷ്ണ കല്യാൺപൂർ പതി ഏരിയയിലെ ചെറിയ ഖനി ചമേലി ബായി പാട്ടത്തിനെടുത്തത്. പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.