ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ക്രൂര ബലാത്സംഗത്തിനിരയാക്കപ്പെട്ട് മരിച്ച ദലിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാർ അർധരാത്രിയിൽ കത്തിച്ച സംഭവത്തിൽ യു.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബോക്സിങ് താരം വിജേന്ദർ സിങ്.
ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കാലത്തോടാണ് യോഗി ആദിത്യനാഥിെൻറ ഭരണത്തെ വിജേന്ദർ ഉപമിക്കുന്നത്.
'അന്ന് അർധരാത്രിയിൽ ബ്രിട്ടീഷ് സർക്കാർ ഷഹീദ് ഭഗത് സിങ്ങിെൻറയും സഖാക്കളുടെയും മൃതദേഹങ്ങൾ കത്തിച്ചു, ഇപ്പോൾ സർക്കാർ അർധരാത്രിയിൽ ഹാഥരസ് പെൺകുട്ടിയെയും... ആരുടെയൊക്കെയാണ് ഈ സർക്കാറുകൾ....ആർക്ക് വേണ്ടിയാണ് ഈ സർക്കാറുകൾ!!! വലിയ ചോദ്യം ?? 'വിജേന്ദർ ട്വിറ്ററിൽ കുറിച്ചു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഞായറാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന് നൂറുകണക്കിന് പേരാണ് ജന്തർ മന്തറിൽ ഒത്തുകൂടിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ, കോൺഗ്രസ് എന്നിവരുടെ പിന്തുണയിലാണ് പ്രതിഷേധം. നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ജന്തർ മന്തറിലേക്ക് മാറ്റുകയായിരുന്നു.