‘നിങ്ങളുടെ പിതാവ് എവിടെ?’; വിജയിയുടെ പരാമർശത്തിൽ വിവാദം, എം.കെ. സ്റ്റാലിൻ സഭയിലേക്ക് മടങ്ങിവരണമെന്ന് ഡി.എം.കെ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ‘നിങ്ങളുടെ പിതാവ് എവിടെ?’ എന്ന പരാമർശം വിവാദത്തിൽ. പ്രതിപക്ഷമായ ഡി.എം.കെ ഇത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ലക്ഷ്യമിട്ട് നടത്തിയ വ്യക്തിപരമായ ആക്രമണമാണെന്ന് ആരോപിച്ചു. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലൂടെ സ്റ്റാലിൻ നിയമസഭയിലേക്ക് മടങ്ങിവരണമെന്നും സർക്കാരിനെ നേരിടണമെന്നും ഡി.എം.കെ നേതാക്കൾ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ നയിച്ച സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ ടി.വി.കെയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് സ്റ്റാലിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകുകയായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വിജയിയുടെ പരാമർശം.
നിയമസഭയിലെ ചർച്ചക്കിടെ വിജയ് ഡി.എം.കെ നേതൃത്വത്തെയും കുടുംബാധിപത്യ രാഷ്ട്രീയത്തെയും വിമർശിക്കുന്നതിനിടെയാണ് ‘നിങ്ങളുടെ പിതാവ് എവിടെ?’ എന്ന പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അദ്ദേഹം സ്റ്റാലിന്റെ ഒരു വൈറൽ കൈയംഗ്യവും അനുകരിച്ചതോടെ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഡി.എം.കെ നേതാക്കൾ വിജയിന്റെ പരാമർശം സഭയുടെ അന്തസിന് യോജിച്ചതല്ലെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ രാഷ്ട്രീയ സംവാദത്തെ താഴ്ത്തുന്നതാണെന്നും വിമർശിച്ചു. സ്റ്റാലിൻ നേരിട്ട് സഭയിലെത്തി മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നും പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. ‘വിജയ് ഞങ്ങളുടെ നേതാവിനോട് (ഉദയനിധി സ്റ്റാലിൻ) ചോദിച്ചു നിങ്ങളുടെ പിതാവ് എവിടെയെന്ന്. അദ്ദേഹം വളരെ വേഗം തിരികെ വരും. ഉത്തരവാദിത്തം ഏറ്റെടുക്കും. ഇന്നലെവരെ ഞങ്ങളുടെ എല്ലാ കേഡറുകളും നിശബ്ദരായിരുന്നു. പക്ഷേ വിജയിയുടെ പരാമർശത്തോടെ തമിഴ്നാട്ടിലുടനീളമുള്ള കേഡർമാർ ഇത് ആവശ്യപ്പെടുന്നു’ -ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ഡി.എം.കെ നേതാവും എം.എൽ.എയുമായ കെ.എൻ. നെഹ്റു പറഞ്ഞു.
ഡി.എം.കെയും ടി.വി.കെയും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ കൂടുതൽ വ്യക്തിപരമാകുന്നതും തമിഴ്നാട് കണ്ടിരുന്നു. വിജയിയുടെ പ്രസംഗത്തിനെതിരെ ഉദയനിധി സ്റ്റാലിന്റെ പരാമർശവും വിവാദമായിരുന്നു. ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിക്കുന്ന ഭാര്യയെ പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹരജിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ചുള്ളതായിരുന്നു ഉദയനിധിയുടെ പരാമർശം. തുടർന്ന് ഉദയനിധിയുടെ പ്രതികരണത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകർ രംഗത്തെത്തിയിരുന്നു. ഇരുവശത്തുമുള്ള നേതാക്കൾ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്ന് അവർ ആരോപിച്ചു.
തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങളും ആംഗ്യങ്ങളും ഇതിനകം തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിമർശനത്തിന് കാരണമായിരുന്നു. തോൽ തിരുമാളവൻ ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ പെരുമാറ്റം പദവിക്ക് യോജിച്ചതല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിജയിയുടെ അനുകൂലികൾ അദ്ദേഹത്തിന്റെ പരാമർശം രാഷ്ട്രീയ വിമർശനത്തിന്റെ ഭാഗമായിരുന്നുവെന്നും ഡി.എം.കെയുടെ കുടുംബരാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടിയതാണെന്നുമായിരുന്നു വാദം.
പരാമർശങ്ങൾ വിവാദമായതോടെ, വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ സ്റ്റാലിൻ മത്സരിക്കണമെന്ന് ഡി.എം.കെയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടേക്കും. നിലവിൽ തമിഴ്നാട്ടിലെ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വിജയ് രാജിവച്ചതിനെ തുടർന്ന് തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലും എ.ഐ.എ.ഡി.എം.കെയിൽനിന്ന് രാജിവെച്ച അഞ്ച് അംഗങ്ങളുടെ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

