നടക്കാൻ പാടില്ലാത്ത ദുരന്തം; ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും ദുഃഖം അനുഭവിച്ചിട്ടില്ല, ഗൂഢാലോചന ഉടൻ പുറത്തു വരും - വിഡിയോ സന്ദേശത്തിൽ നടൻ വിജയ്
text_fieldsനടൻ വിജയ്
ചെന്നൈ: കരൂരിൽ തന്റെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ ദാരുണമരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി നടൻ വിജയ്. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയധികം വേദന അനുഭവിച്ചിട്ടില്ലെന്നാണ് വികാരാധീനനായിക്കൊണ്ട് വിജയ് വിഡിയോ സന്ദേശത്തിൽ പറഞ്ഞത്. ദുരന്തം നടന്ന് മൂന്നാം ദിവസത്തിലാണ് വിജയ് വിഡിയോ സന്ദേശം പുറത്തുവിട്ടത്. ദുരന്തം മണിക്കൂറുകൾക്ക് ശേഷം ഒരു എക്സ് സന്ദേശം പുറത്തുവിട്ടതല്ലാതെ മറ്റൊരു രീതിയിലും വിജയ് പ്രതികരിച്ചിരുന്നില്ല. ഇത്ര വലിയ അപകടമുണ്ടായിട്ടും കരൂരിൽ തുടരാതിരുന്നതിന്റെ കാരണം കൂടി വിജയ് സൂചിപ്പിച്ചു. പൊതു സുരക്ഷയ്ക്കാണ് താൻ മുൻഗണന നൽകിയത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതിരിക്കാനാണ് പാർട്ടി നേതാക്കളുടെ നിർദേശ പ്രകാരം ദുരന്തസ്ഥലത്ത് നിന്ന് മാറിയതെന്നും വിജയ് പറഞ്ഞു. താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കില്ലെന്നും വിജയ് ഉറപ്പിച്ചു പറയുന്നുണ്ട്.
നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ആളുകൾ വന്നത് തന്നോടുള്ള സ്നേഹം മൂലമാണെന്ന് പറഞ്ഞ കരൂരിൽ നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും സൂചിപ്പിച്ചു. സത്യം ഉടൻ പുറത്തുവരുമെന്നും വിജയ് പറഞ്ഞു. അഞ്ച് ജില്ലകളിൽ റാലി നടത്തിയിട്ടും ഇല്ലാതിരുന്ന പ്രശ്നം കരൂരിൽ മാത്രം എങ്ങനെ സംഭവിച്ചു എന്നും വിജയ് ചോദിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിഡിയോ സന്ദേശത്തിനിടെ വിജയ് പ്രത്യേകം പരാമർശിച്ചു. മുഖ്യമന്ത്രി സാറിന് എന്നോട് എന്നോട് പകരം വീട്ടണമെങ്കിൽ അത് ചെയ്യാം. എന്നാൽ എന്റെ പാർട്ടി പ്രവർത്തകരുടെ മേൽ കൈവെക്കരുതെന്നുമായിരുന്നു സ്റ്റാലിനോട് വിജയ് യുടെ അഭ്യർഥന.
''എന്റെ ജീവിതത്തിൽ ഇതുപോലൊരു വേദനാജനകമായ സാഹചര്യം ഞാൻ നേരിട്ടിട്ടില്ല. എന്റെ ഹൃദയം വേദനിക്കുന്നു. എന്റെ ഹൃദയത്തിൽ വേദന മാത്രമാണുള്ളത്. പ്രചാരണത്തിൽ ആളുകൾ എന്നെ കാണാൻ വന്നു. ആളുകൾ എന്നോടുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്. ജനങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ, ഞാൻ രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങൾക്ക് സുരക്ഷിതമായ ഒരു സ്ഥലംതിരഞ്ഞെടുത്തത്. പക്ഷേ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഞാനും ഒരു മനുഷ്യനാണ്. ഇത്രയധികം പേർ ദുരന്തത്തിൽ പെട്ടപ്പോൾ, എനിക്ക് എങ്ങനെ അവരെ ഉപേക്ഷിച്ച് തിരിച്ചുവരാൻ കഴിയും?
മുഖ്യമന്ത്രി സർ, താങ്കൾക്ക് പ്രതികാരം ചെയ്യണമെങ്കിൽ എന്നോടാകാം, പക്ഷേ എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്.''-എന്നാണ് വിജയ് സന്ദേശത്തിൽ പറഞ്ഞത്.
''ഞങ്ങൾ അഞ്ച് ജില്ലകളിൽ പ്രചാരണം നടത്തി, പിന്നെ എന്തുകൊണ്ടാണ് കരൂരിൽ ഇത് സംഭവിച്ചത്? ഇതെങ്ങനെ സംഭവിച്ചു? ആളുകൾക്ക് സത്യം അറിയാം, അവർ എല്ലാം നിരീക്ഷിക്കുന്നുണ്ട്." കരൂരിലെ ജനങ്ങൾ സത്യം പറഞ്ഞപ്പോൾ, ദൈവം എന്റെ അടുക്കൽ വന്ന് അത് വെളിപ്പെടുത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. താമസിയാതെ, എല്ലാ സത്യങ്ങളും വെളിപ്പെടും. ഞങ്ങൾക്ക് അനുവദിച്ച സ്ഥലത്ത് നിന്നാണ് ഞങ്ങൾ സംസാരിച്ചത്. എന്റെ അനുയായികൾ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി നേതാക്കൾ, സുഹൃത്തുക്കൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്."-വിജയ് പറഞ്ഞു. പ്രതികാരം തീർക്കണമെങ്കിൽ തന്നോട് മതിയെന്നും പ്രവർത്തകരരെ വെറുതെ വിടണമെന്നും താൻ തന്റെ വീട്ടിലോ ഓഫിസിലോ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയോട് വിജയ് പറയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

