Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ പറയൂ, ഭരിക്കുന്നത് നമ്മുടെ വിജയ് ആണെന്ന്'; സമൂഹ മാധ്യമങ്ങളിൽ തരംഗമായി മുഖ്യമന്ത്രി വിജയ്‌യുടെ വാക്കുകൾ

text_fields
bookmark_border
ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ പറയൂ, ഭരിക്കുന്നത് നമ്മുടെ വിജയ് ആണെന്ന്; സമൂഹ മാധ്യമങ്ങളിൽ തരംഗമായി മുഖ്യമന്ത്രി വിജയ്‌യുടെ വാക്കുകൾ
cancel

തമിഴ്നാട്ടിൽ അഴിമതിക്കും കൈക്കൂലിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ സി. ജോസഫ് വിജയ്. കരൂരിൽ നടന്ന പൊതുറാലിയിൽ വെച്ച് അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ വൈകാരികവും ശക്തവുമായ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സംസ്ഥാനത്ത് അധികാരം ദുരുപയോഗം ചെയ്യുന്നവർക്കോ കൈക്കൂലി വാങ്ങുന്നവർക്കോ ഇനി സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.

പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന രീതിയിലായിരുന്നു വിജയ്‌യുടെ വാക്കുകൾ. 'ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിച്ചാൽ, തരില്ലെന്ന് നേരിട്ട് പറയുക. ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും. അതിനുശേഷവും അവർ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ, ധൈര്യമായി പറയുക - നമ്മുടെ മകൻ, നമ്മുടെ സഹോദരൻ, നമ്മുടെ വിജയ് ആണ് ഈ സംസ്ഥാനം ഭരിക്കുന്നത് എന്ന്,' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. താൻ ഒപ്പമുള്ളപ്പോൾ അഴിമതിയിലോ കൈക്കൂലിയിലോ ഏർപ്പെടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം (2025) തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലുണ്ടായ വലിയ ദുരന്തത്തിന് ശേഷം വിജയ് കരൂർ ജില്ലയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. അന്ന് ജനക്കൂട്ടത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുൾപ്പെടെ 41-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ വിജയ് ഏറെ വികാരാധീനനായി. ആ കുരുന്നുകളെ ഓർത്ത് താൻ ഏറെ ദുഃഖിച്ചിരിക്കുമ്പോൾ പോലും ചിലർ തന്നെ പരിഹസിക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.

അന്നത്തെ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് വലിയ സുരക്ഷാ വീഴ്ച വരുത്തിയതായി വിജയ് കുറ്റപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പൊലീസ് തന്നെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയോ യോഗം റദ്ദാക്കുകയോ ചെയ്യണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം രാഷ്ട്രീയ ഗൂഢാലോചനകൾ ആവർത്തിക്കാതിരിക്കാനും വരുംതലമുറക്ക് ഇതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകാനും വേണ്ടി കരൂരിൽ ടി.വി.കെയുടെ നേതൃത്വത്തിൽ ഒരു വലിയ സ്മാരകം പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ദുരന്തത്തിൽ ബാധിക്കപ്പെട്ട 31 കുടുംബങ്ങളിലെ അംഗങ്ങൾക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകളും അദ്ദേഹം ചടങ്ങിൽ വെച്ച് നേരിട്ട് കൈമാറി.

അതേസമയം, അഴിമതിക്കെതിരെയുള്ള മുഖ്യമന്ത്രി വിജയ്‌യുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്. വിജയ്‌യുടെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കൾ അഭിഭാഷകരെ നിയമിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടെന്ന് മുതിർന്ന ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു. ടി.വി.കെയിലെ തന്നെ ഒരു അഭിഭാഷകൻ ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ അഴിമതിയെക്കുറിച്ച് വിജയ്ക്ക് എന്താണ് പറയാനുള്ളതെന്നും ഇളങ്കോവൻ ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay's remarks on corruption go viral
Next Story