‘നടന്റെ പാർട്ടി’ എന്ന് പരിഹസിച്ചവർക്കറിയില്ല, ജന ഹൃദയത്തിൽ ഇടംപിടിക്കാൻ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന്- നിയമസഭയിൽ കന്നി പ്രസംഗവുമായി വിജയ്
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തന്റെ കന്നി പ്രസംഗം നടത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന തന്റെ പാർട്ടിയെ ‘നടന്റെ പാർട്ടി’ എന്ന് വിളിച്ചു പരിഹസിച്ചവർക്ക് ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. നിരവധി ഗൂഢാലോചനകളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം വരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തുടക്കത്തിൽ, വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത താരത്തിന്റെ പാർട്ടി എന്ന നിലയിലാണ് ടി.വി.കെയെ പലരും വിലയിരുത്തിയിരുന്നത്. എന്നാൽ, 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ് അപ്രതീക്ഷിത കുതിപ്പ് നടത്തി ഏവരെയും അത്ഭുതപ്പെടുത്തി.
തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ, ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസും മറ്റ് ചെറിയ കക്ഷികളും, പിന്നീട് എ.ഐ.എ.ഡി.എം.കെ വിമതരും പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെ സർക്കാർ വിശ്വാസവോട്ട് നേടി അധികാരം ഉറപ്പിക്കുകയായിരുന്നു.
‘തമിഴ്നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഇത് മനസ്സിലാക്കാൻ സാധിക്കാത്ത ചിലർ, ഇവൻ വെറുമൊരു നടനാണ്, ഇതൊരു നടന്റെ പാർട്ടിയാണ്’ എന്ന് ഇപ്പോഴും പരിഹസിക്കുന്നു’- നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ വിജയ് വ്യക്തമാക്കി.
അതേസമയം, ‘തമിഴക വെട്രി കഴകം’ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ, ബദ്ധവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുണ്ട്.
ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും, സി.പി.എം-സി.പി.ഐ മാതൃകയിൽ സഖ്യമാകുന്നതിൽ തെറ്റില്ലെന്നുമാണ് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറയുന്നത്.തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഡി.എം.കെ നേതാവ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം പരമ്പരാഗത ദ്രാവിഡ കക്ഷികളെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് നൽകുന്നത്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ വൈക്കോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ നിലവിലെ സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിജയ് സർക്കാരിന്റെ ജനപ്രീതിയും രാഷ്ട്രീയ വളർച്ചയും മുൻനിർത്തി, ദ്രാവിഡ രാഷ്ട്രീയം ഒന്നിച്ചുനീങ്ങാനുള്ള നീക്കങ്ങൾ സജീവമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

