വിജയ്‌യുടെ ലണ്ടൻ സന്ദർശനം ‘ആഡംബര യാത്ര’; നിക്ഷേപ അവകാശവാദങ്ങൾ പച്ചക്കള്ളമെന്ന് ബിജെപി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടൻ സന്ദർശനത്തെ പരിഹസിച്ച് ബിജെപി. അദ്ദേഹത്തിന്റെ സന്ദർശനം വെറുമൊരു ‘ആഡംബര യാത്ര’യാണ്. നിക്ഷേപങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ പൂർണമായും പൊള്ളയാണെന്നും തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. സുരക്ഷാ കാരണത്താൽ ലണ്ടനിലെ വിജയ്‌യുടെ പൊതുപരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷൻ എത്തിയത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നൈനാർ നാഗേന്ദ്രൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയെ ഒരു ആഡംബര യാത്രയായി മാത്രമേ കാണാനാകൂ. തമിഴ്നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങൾ കൊണ്ടുവന്നുവെന്നത് പച്ചക്കള്ളമാണ്. നിലവിലുള്ള കമ്പനികളെയാണ് പുതിയ വ്യാവസായിക നിക്ഷേപങ്ങളായി സർക്കാർ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സെക്രട്ടേറിയറ്റ് പട്ടികാബാക്കത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയും നാഗേന്ദ്രൻ രംഗത്തെത്തി. മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. സിനിമയിൽ മത്സ്യത്തൊഴിലാളികളുടെ സുഹൃത്തായി വേഷമിട്ട വിജയ്, ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ അവർക്കെതിരെയാണ് സെക്രട്ടേറിയറ്റ് മാറ്റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെട്രോപൊളിറ്റൻ പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ലണ്ടനിൽ തമിഴ് പ്രവാസികളുമായി നടത്താനിരുന്ന മുഖ്യമന്ത്രി വിജയ്‌യുടെ യോഗം അവസാന നിമിഷം റദ്ദാക്കിയത്. കഴിഞ്ഞ ദിവസം നൂറുകണക്കിന് ആരാധകരായിരുന്നു ലണ്ടനിലെ 'ദി ഷാർഡ്' കെട്ടിടത്തിന് മുന്നിൽ തടിച്ചുകൂടിയത്. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം പരിപാടി മാറ്റിവെക്കുകയായിരുന്നു.
പൊതുസുരക്ഷ മുൻനിർത്തിയും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ മാർഗനിർദേശങ്ങൾ പാലിച്ചും മുഖ്യമന്ത്രിക്ക് നിങ്ങളെ നേരിൽ കാണാൻ സാധിക്കില്ലെന്ന് ടി.വി.കെ ഐ.ടി വിങ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിജയ് താമസിക്കുന്ന ഹോട്ടലിന് മുന്നിലോ യാത്രാ മാർഗങ്ങളിലോ ആരാധകർ തടിച്ചുകൂടരുതെന്നും പാർട്ടിയും നിർദേശിച്ചിരുന്നു.
ലണ്ടൻ സന്ദർശനത്തിലൂടെ 12,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. ഇതിലൂടെ 10,000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഓട്ടോമോട്ടീവ് നിർമാണം, സാങ്കേതികവിദ്യ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

