‘ഇത് അറിവിന്റെ ലോകമോ അഴിമതിയുടെ ലോകമോ?’; പെരിയാർ ലൈബ്രറിക്കെതിരെ മുഖ്യമന്ത്രി വിജയ്
text_fieldsസി. ജോസഫ് വിജയ്
ചെന്നൈ: കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലുണ്ടായ അഴിമതി ആരോപണത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ടിവികെ ചെന്നൈയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര, സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെരിയാർ അറിവുലകം' എന്നത് അറിവിന്റെ ലോകമാണോ അതോ അഴിമതിയുടെ ലോകമാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കുന്ന ഇത്തരം ക്രമക്കേടുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈബ്രറിയിലേക്ക് അമിതവിലയ്ക്ക് വാങ്ങിയ പുസ്തകങ്ങളിൽ എഐ നിർമ്മിത ഉള്ളടക്കവും ഗുരുതരമായ വസ്തുതാപിഴവുകളുമുണ്ടെന്നാണ് പ്രധാന ആരോപണം. പുസ്തക ശുപാർശാ സമിതി അംഗമായിരുന്ന തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകനാണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. ജൈന സന്യാസിമാരുടെ പദ്യസമാഹാരമായ 'നാലടിയാർ' എന്ന കൃതിയെ ഒരു കവിയും തത്ത്വചിന്തകനുമായാണ് ഒരു പുസ്തകത്തിൽ തെറ്റായി വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്തെ പദ്ധതികൾ എം.കെ. സ്റ്റാലിന്റെ നേട്ടങ്ങളായി മറ്റൊരു പുസ്തകത്തിൽ രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.
നിലവാരമില്ലാത്തതും വ്യാജരചയിതാക്കളുടെ പേരിലുള്ളതുമായ ഏകദേശം 1,800 പുസ്തകങ്ങളാണ് ഇത്തരത്തിൽ വാങ്ങിക്കൂട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘തൃഷ വിജയ്' എന്ന വ്യാജരചയിതാവിന്റെ പേരിലുള്ള പുസ്തകം വരെ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തെ പൊതുഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങിയ നടപടികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയും നിർദേശിച്ചു.

