ഇനി തമിഴകത്തിന്‍റെ ‘തലൈവർ’; വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു
text_fieldsചെന്നൈ: ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശത്തിരയിളക്കത്തിലായിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഒമ്പത് ടി.വി.കെ മന്ത്രിമാരും ചുമതലയേറ്റു. 59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ അധികാരമേറുന്നത്.
ടി.വി.കെ നേതാക്കളായ കെ.എ. ശെേങ്കാട്ടയൻ, എൻ. ആനന്ദ്, കെ.ജി. അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, പി. വെങ്കട്ടരമണൻ, ടി.കെ. പ്രഭു, എസ്. കീർത്തന തുടങ്ങിയവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ വേദിയിലുണ്ടായിരുന്നു.
വിജയിയുടെ രക്ഷിതാക്കളും നടി തൃഷയും ചടങ്ങ് നേരിട്ട് കാണാനെത്തി. ഒരേസമയം കേവല ഭൂരിപക്ഷം തികക്കാനും ഗവർണറിൽനിന്ന് മന്ത്രിസഭ രൂപവത്കരണ അനുമതി വാങ്ങാനും നടത്തിയ നാടകീയ ഓട്ടപ്പാച്ചിലുകൾക്കൊടുവിലാണ് വിജയ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നത്. കേവല ഭൂരിപക്ഷം തികക്കാൻ ആവശ്യമായ 117ഉം കഴിഞ്ഞ് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവർണർ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്.
ഗവർണർ ഉടക്കിനിന്ന ശനിയാഴ്ചയും ലോക്ഭവൻ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വൈകീട്ട് അഞ്ചു മണിക്കുശേഷം വിജയ് ലോക്ഭവനിലേക്ക് പുറപ്പെട്ടുവെങ്കിലും പാതിവഴിയിൽ മടങ്ങി. ഗവർണർ ഏഴുമണിയോടെ കേരളത്തിലേക്ക് തിരിക്കുമെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. എന്നാൽ, സർക്കാർ രൂപവത്കരണമെന്ന സുപ്രധാന വിഷയം നിലനിൽക്കെ വിജയിക്ക് സമയം അനുവദിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
ഇതേതുടർന്ന് വൈകീട്ട് ആറരക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയായിരുന്നു. ടി.വി.കെ നേതാക്കളും പിന്തുണ നൽകുന്ന രാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഇത്തവണ വിജയ്ക്കൊപ്പം ലോക്ഭവനിലെത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടുനിന്നു. തുടർച്ചയായി നാല് ദിവസമാണ് വിജയ് ഗവർണറെ സന്ദർശിച്ചത്.
ഡി.എം.കെ മുന്നണിയിലെ കക്ഷികളായ, രണ്ടംഗങ്ങൾ വീതമുള്ള വി.സി.കെയുടെയും മുസ്‍ലിംലീഗിന്റെയും പിന്തുണക്കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തതോടെയാണ് ടി.വി.കെയുടെ കൈയിൽനിന്ന് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

