‘118 പേരുടെ പിന്തുണയുമായി തിരിച്ചുവരൂ’ എന്ന് ഗവർണർ; സർക്കാർ രൂപീകരിക്കാനുള്ള വിജയിയുടെ നീക്കത്തിന് തിരിച്ചടി
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ നീക്കത്തിന് തിരിച്ചടി. സർക്കാർ രൂപവത്കരിക്കാനായി വിജയ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മറുപടി നൽകിയതായാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടി.വി.കെ അധ്യക്ഷനായ വിജയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. കോൺഗ്രസ് ഒഴികെ മറ്റു പാർട്ടികൾ ആരൊക്കെയാണ് ടി.വി.കെക്ക് പിന്തുണ നൽകുകയെന്ന കാര്യം വ്യക്തമല്ലാത്തതിനെ തുടർന്നാണ് ഗവർണറുടെ മറുപടി. കോൺഗ്രസും ടി.വി.കെയും ചേർന്നാൽ 112 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടാകുക. അതിനാൽ 118 പേരുടെ പിന്തുണയുമായി മടങ്ങി വരാൻ ഗവർണർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനും മറ്റ് പാർട്ടികളുടെ പിന്തുണ തേടുന്നതിനും വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് വിവരം. 118 അംഗങ്ങളുടെ കത്ത് നൽകിയാൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവർണർ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ ടി.വി.കെ 108 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ ഗവർണറെ നേരിട്ട് സന്ദർശിച്ച് എം.എൽ.എമാരുടെ പട്ടിക കൈമാറുകയായിരുന്നു. വിജയ് ക്ക് കേവല ഭൂരിപക്ഷം നേടാൻ ആറ് അംഗങ്ങളുടെ പിന്തുണ കൂടി നേടണം. വി.സി.കെക്ക് ലഭിച്ച രണ്ട് സീറ്റും സി.പി.ഐ, സി.പി.എം എന്നിവയുടെ നാലു സീറ്റുകളും കൂടി ലഭിച്ചാൽ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ എളുപ്പമാകും. എന്നാൽ വിജയ്ക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് വി.സി.കെ വ്യാഴാഴ്ച രാവിലെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെയാണ് ഇടതുകക്ഷികളുടെ തീരുമാനം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

