'തന്റെ എയർലൈൻസിലെ എല്ലാ ജീവനക്കാരോടും ഖേദം പ്രകടിപ്പിക്കുന്നു'; ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് വിജയ് മല്യ
text_fieldsവിജയ് മല്യ
ന്യൂഡൽഹി: നീണ്ട ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് കിങ്ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ വിജയ് മല്യ. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്. എപ്പിസോഡ് ഇന്ന് പുറത്തിറങ്ങി.
പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ച് മല്യ സംസാരിക്കുകയും കുടിശ്ശികകൾ തീർക്കണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായി മല്യ അവകാശപ്പെട്ടു. മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ ബാങ്കുകൾ 6,200 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് മല്യയുടെ അഭിഭാഷകൻ കർണാടക ഹൈകോടതിയെ അറിയിച്ചു. 14,000 കോടി രൂപ തിരിച്ചുപിടിച്ചുവെന്ന സർക്കാരിൻ്റെ അവകാശവാദം കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ മല്യക്കെതിരെ ചുമത്തിയിട്ടുണ്ട്. കിങ്ഫിഷർ എയർലൈൻസും അദ്ദേഹത്തിന്റെ മറ്റ് ചില കമ്പനികളും കോർപറേറ്റ്, സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. 2016 മുതൽ മല്യ യു.കെയിലാണ് താമസിക്കുന്നത്.
കിങ്ഫിഷർ എയർലൈൻസിലെ എല്ലാ ജീവനക്കാരോടും ഖേദം പ്രകടിപ്പിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ പോസ്റ്റിൽ മല്യ പറഞ്ഞു. വസ്തുതകളും സത്യവും ഉപയോഗിച്ച് തന്റെ തെറ്റ് തിരുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർലൈൻസിന്റെ പണം തന്റെ സ്വകാര്യ ജീവിതശൈലിക്കോ ഫോർമുല 1 റേസിംഗ് പോലുള്ള ഹോബികൾക്കോ ഉപയോഗിച്ചിട്ടില്ലെന്നും മല്യ അവകാശപ്പെട്ടു. എയർലൈൻ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി താൻ 3,000 കോടി രൂപ വ്യക്തിപരമായി നിക്ഷേപിച്ചിട്ടുണ്ടെന്നും വായ്പകൾക്ക് വ്യക്തിഗതവും കമ്പനിപരവുമായ ഗ്യാരണ്ടികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആളുകളെ ഓർമിപ്പിച്ചു. ഏതെങ്കിലും കള്ളൻ എപ്പോഴെങ്കിലും വ്യക്തിഗത ഗ്യാരണ്ടി നൽകുമോ എന്നും പോഡ്‌കാസ്റ്റിനിടെ മല്യ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

