വിജയ് സർക്കാറിന്റെ ധവളപത്രം ‘പരാജയ പത്ര’മെന്ന് ഡി.എം.കെ
text_fieldsചെന്നൈ: വെടിക്കെട്ട് വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ വിജയ് സർക്കാർ പുറത്തിറക്കിയ സാമ്പത്തിക ധവളപത്രം വലിയ ‘പരാജയപത്ര’മാണെന്ന് ഡി.എം.കെ നേതാവും മുൻ ധനമന്ത്രിയുമായ തങ്കം തെന്നരസു. ഭരണ കാര്യക്ഷമതയില്ലായ്മ മൂലം വാഗ്ദാനങ്ങൾ നിറവേറ്റാനാവാതെ വിഷമിക്കുന്ന സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമായാണ് ധവളപത്രം പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഴമറിയാതെ ആഴക്കടലിലേക്ക് കാലെടുത്തുവെച്ച ഈ സർക്കാർ ഇപ്പോൾ വാഗ്ദാനങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഡി.എം.കെ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റി. ജി.എസ്.ടി നികുതി സമ്പ്രദായ പരിഷ്കരണത്തിലൂടെ കേന്ദ്ര സർക്കാർ തമിഴ്നാടിന്റെ ഫണ്ട് തടഞ്ഞുവെച്ചു. കേന്ദ്ര സർക്കാറിന്റെ ഇത്തരം നടപടികളാണ് തമിഴ്നാടിന്റെ വരുമാന കമ്മിക്ക് കാരണം. മുൻ സ്റ്റാലിൻ സർക്കാർ സംസ്ഥാന ബജറ്റ് അവതരണ വേളയിൽ തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ധവളപത്രത്തിൽ സ്റ്റാലിൻ സർക്കാറിന്റെ ഭരണകാലയളവിലെ സാമ്പത്തിക കണക്ക് മാത്രം അവതരിപ്പിച്ചതും അതിന് മുമ്പുള്ള അണ്ണാ ഡി.എം.കെ ഭരണകാലഘട്ടം ധവളപത്രത്തിൽ ഉൾപ്പെടുത്താത്തതും ദുരൂഹമാണ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രമാണ് ധവളപത്രത്തിന് പിന്നിൽ.
ചൊവ്വാഴ്ചയാണ് തമിഴ്നാട് ധനമന്ത്രി മറിയ വിൽസൺ സംസ്ഥാനത്തിന്റെ 2021-26 കാലയളവിലെ സാമ്പത്തിക നില സംബന്ധിച്ച ധവളപത്രം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

