Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രിയുടെ പുതിയ...

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസിന് 5.54 കോടി രൂപയുടെ ടെൻഡർ; വിജയ് സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പുതിയ ഓഫീസിന് 5.54 കോടി രൂപയുടെ ടെൻഡർ; വിജയ് സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം
cancel

ചെന്നൈ: അധികാരത്തിലെത്തി 100 ദിവസം പിന്നിടുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഫോർട്ട് സെന്റ് ജോർജിൽ നിന്ന് നാമക്കൽ കവിംഗർ മാളികയിലേക്ക് മാറ്റുന്നതിനായി നൽകിയ 5.54 കോടി രൂപയുടെ ടെൻഡറിലാണ് പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം. നിയമസഭയിൽ പി.ഡബ്ല്യു.ഡി മുൻ മന്ത്രിയും ഡി.എം.കെ എം.എൽ.എയുമായ ഇ.വി. വേലു ആണ് ആക്ഷേപം ഉയർത്തിയത്. അതേസമയം, അഴിമതി ആരോപണം തള്ളി തമിഴക വെട്രി കഴകം സർക്കാർ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് ഒരുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മൂന്ന് ബ്ലോക്കുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കാണ് ടെൻഡർ ക്ഷണിച്ചത്. ഇതിന്റെ ആകെ മൂല്യം 5.54 കോടി രൂപയാണ്. എന്നാൽ ടെൻഡർ നടപടിയിൽ സുതാര്യത പാലിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ അടക്കമാണ് മാറ്റുന്നത്. ആ​ഗസ്റ്റ് 12ാം തീയതി തന്നെ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 50 ലക്ഷം രൂപക്ക് മുകളിലുള്ള പ്രവൃത്തിയാണെങ്കിൽ സർക്കാരിന്റെ ടെണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അതിനു മുൻപേ തന്നെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രം പുറത്തുവന്നത് മുൻകൂട്ടി കരാറുകാരെ കണ്ടെത്തിയെന്ന സൂചനയാണെന്നാണ് ഉയരുന്ന ആക്ഷേപം.

പത്ര പരസ്യം വന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇ ടെണ്ടർ നടപടികൾക്ക് തുടക്കമായത്. പത്രത്തിലും ഓൺലൈനിലും വ്യത്യസ്ത വിവരങ്ങളാണ് നൽകിയിരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ടെൻഡർ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതിയ ഓഫീസുമായി ബന്ധപ്പെട്ട ചില നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് ആരോപണം.

പ്രതിപക്ഷം ടെൻഡർ നടപടിയിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടു. ടെൻഡർ ക്ഷണിക്കുന്നതിന് മുമ്പ് ജോലികൾ ആരംഭിച്ചിരുന്നെങ്കിൽ അതിന്റെ നിയമസാധുത എന്താണെന്നും ആരുടെ നിർദേശപ്രകാരമാണ് പ്രവർത്തനങ്ങൾ നടന്നതെന്നും സർക്കാർ വ്യക്തമാക്കണമെന്നുമാണ് ആവശ്യം.

കലൈഞ്ജർ, എം.ജി. രാമചന്ദ്രൻ, ജയലളിത തുടങ്ങിയ മുൻ മുഖ്യമന്ത്രിമാർ ഇത്രയും വർഷക്കാലം ഫോർട്ട് സെന്റ് ജോർജ് ഓഫീസിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് ഡി.എം.കെ എം.എൽ.എ ഇ.വി. വേലു ചൂണ്ടിക്കാട്ടി. എന്നാൽ, ആരോപണത്തിൽ മന്ത്രി ആഥവ് അർജുന മറുപടി നൽകി. നിലവിലെ ഓഫീസ് മുറിയിൽ സ്ഥല പരിമിതികളുണ്ടെന്നും വിദേശ പ്രതിനിധികൾ അടക്കം എത്തുമ്പോൾ സ്ഥലമില്ലാത്തത് പ്രശ്നമാകുന്നതുകൊണ്ടാണ് മാറാൻ ആ​ഗ്രഹിക്കുന്നതെന്നും മന്ത്രി മറുപടി നൽകി. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രതിപക്ഷം പറയുന്ന കാര്യങ്ങളിൽ യഥാർഥത്തിൽ ഘടന പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾ മാത്രമാണ് നടന്നതെന്നും ടെൻഡറുമായി ബന്ധപ്പെട്ട പ്രധാന നിർമാണ പ്രവർത്തനങ്ങൾ പിന്നീട് മാത്രമാണ് നടത്തുകയെന്നും സർക്കാർ വിശദീകരിച്ചു.

മുഖ്യമന്ത്രി വിജയ് അധികാരത്തിലെത്തിയതുമുതൽ ‘അഴിമതിയില്ലാത്ത ഭരണം’ എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിലും സംസ്ഥാനത്തെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുന്നത് സ്വാതന്ത്ര്യം നേടുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പണിയുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണം. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോർട്ട് സെന്റ് ജോർജിലാണ്. ഭരണപരമായ സൗകര്യങ്ങളും ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതും ലക്ഷ്യമിട്ടാണ് നാമക്കൽ കവിംഗർ മാളികയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduCM officecorruption allegationTVKTVK VijayVijay Government
News Summary - Vijay Government Faces First Corruption Allegation
Next Story