Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

text_fields
bookmark_border
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
cancel

ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നൽകിയ നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയില്ലെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജസ്റ്റിസ് വി ലക്ഷ്മിനാരായണന് മുമ്പാകെ വിജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് മദ്രാസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പിൽ 53,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ് പെരമ്പൂരിൽ നിന്ന് ജയിച്ചത്. തിരുച്ചി ഈസ്റ്റിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നെങ്കിലും പെരമ്പൂർ നിലനിർത്താൻ തീരുമാനിച്ചതോടെ തിരുച്ചി ഈസ്റ്റ് സീറ്റ് ഒഴിയുകയായിരുന്നു.

വിജയ്‌യുടെ വിജയത്തിനെതിരെ ആകെ നാല് ഹരജികളാണ് കോടതിയിലെത്തിയത്. പെരമ്പൂരിലെ വോട്ടർമാരായ എസ്. ദിനേഷും ടി.എൻ. ലക്ഷ്മി നരസിമ്മനും പരാജയപ്പെട്ട ഡിഎംകെ സ്ഥാനാർത്ഥി ആർ.ഡി. ശേഖറും നൽകിയ മൂന്ന് ഹരജികളും തിരുച്ചി ഈസ്റ്റിലെ ഡിഎംകെ സ്ഥാനാർത്ഥി എസ്. ഇനിഗോ ഇരുദയരാജ് നൽകിയ ഒരു ഹരജിയുമാണ് ഇവ. ഈ ഹരജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റിസ് വി. ലക്ഷ്മിനാരായണന് മുൻപാകെ വിജയ്‌യുടെ ഹരജിക്ക് മേലുള്ള അന്തിമവാദം തുടങ്ങിയപ്പോഴാണ് അഭിഭാഷകൻ നിലപാട് വ്യക്തമാക്കിയത്. ഓരോ ഹരജിയിലും ചില വ്യത്യാസങ്ങളുണ്ടെന്നും അതിനാൽ ഓരോന്നായി വാദം കേൾക്കണമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്രീനാഥ് ശ്രീദേവൻ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. ഇതനുസരിച്ച് ആദ്യം ദിനേഷിന്റെ ഹരജി തള്ളണമെന്ന അപേക്ഷയാണ് പരിഗണിച്ചത്, പിന്നാലെ നരസിമ്മന്റെ ഹരജിയും.

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. സ്ഥാനാർത്ഥികൾ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിയമം എങ്ങനെ വന്നുവെന്നും 1999ലെ 170-ാമത് നിയമ കമ്മീഷൻ റിപ്പോർട്ട് മുതൽ ഇതുസംബന്ധിച്ച സുപ്രീം കോടതി വിധികൾ വരെയുള്ള കാര്യങ്ങൾ അദ്ദേഹം കോടതിക്ക് മുൻപിൽ വിശദീകരിച്ചു. വാദം പൂർത്തിയാകാത്തതിനാൽ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതിനിടെ ചെന്നൈയിലെ വില്ലിവാക്കം സീറ്റിൽ നിന്ന് ജയിച്ച പൊതുമരാമത്ത്, കായിക വികസന മന്ത്രി ആദവ് അർജുനയുടെ വിജയത്തിനെതിരെയും രണ്ട് ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. ഡിഎംകെ സ്ഥാനാർത്ഥി കാർത്തിക് മോഹനും വോട്ടറായ ശിവരാജുമാണ് ഹരജി നൽകിയത്. ഈ ഹരജികളും തള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

ആഗസ്റ്റ് 25ന് കേസ് പരിഗണിക്കവെ ഹരജികൾ തള്ളണമെന്ന അപേക്ഷ നൽകാൻ സമയം നീട്ടി ചോദിച്ചതിന് ഇരുവർക്കും 50,000 രൂപ വീതം പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസത്തിനകം അപേക്ഷ നൽകാമെന്ന് അഭിഭാഷകർ ഉറപ്പ് നൽകിയതിനെ തുടർന്ന് കോടതി പിഴ ഒഴിവാക്കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ 86-ാം വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പ് ഹരജികൾ ആറ് മാസത്തിനകം തീർപ്പാക്കണമെന്നും വ്യക്തികളല്ല, അതാണ് കോടതിയുടെ പരിഗണനയെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ആഗസ്റ്റ് 27ന് ഇരുവരും ഹരജികൾ തള്ളണമെന്ന അപേക്ഷകൾ നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Denies Asset Concealment Claims
Next Story