Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എതിരാളികൾ ഒരുക്കുന്ന കെണിയിൽ വീഴരുത്, തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി’; ടിവികെ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി വിജയ്

text_fields
bookmark_border
Chief Minsiter Vijay
cancel
camera_alt

തമിഴ്നാട് മുഖ്യമന്ത്രി വിജയ് 

ചെന്നൈ: പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും എതിരാളികൾ ഒരുക്കുന്ന കെണിയിലും വീഴരുതെന്ന് ടി.വി.കെ എംഎൽഎമാർക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മുന്നറിയിപ്പ്. തെറ്റായ വഴിയിൽ പോകാൻ അനുവദിക്കില്ല. പാർട്ടിയിൽ ഐക്യം നിലനിർത്തണമെന്നും വിജയ് ആവശ്യപ്പെട്ടു.

ടിവികെ എംഎൽഎമാർക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ മഹാബലിപുരത്തെ റിസോർട്ടിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മുന്നറിയിപ്പ്. വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട വിജയ്, തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ടിവികെ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഡി.എം.കെ ശ്രമം തുടരുകയാണെന്നും പാർട്ടി എംഎൽഎമാരെ കെണിയിൽപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും വിജയ് ആരോപിച്ചു. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരായ അശ്ലീല സന്ദേശ ആരോപണം, ഡെപ്യൂട്ടി സ്പീക്കറും തുറയൂർ എംഎൽഎയുമായ രവിശങ്കർ പരാതിക്കാരനെ മർദിച്ച സംഭവം എന്നിവയെല്ലാം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.

എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണണമെന്നും എംഎൽഎമാരോട് വിജയ് ആവശ്യപ്പെട്ടു. കൂടിയാലോചനയിൽ മുഖ്യമന്ത്രി ഓരോ എംഎൽഎമാരെയും പ്രത്യേകം വിളിച്ച് സംസാരിച്ചതായാണ് റിപ്പോർട്ട്. ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുക, ഏകോപനം ശക്തിപ്പെടുത്തുക, ജനങ്ങളുമായുള്ള ബന്ധം നിലനിർത്തുക എന്നിവക്കാണ് യോഗത്തിൽ വിജയ് പ്രധാനമായും ഊന്നൽ നൽകിയത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടയിലും ജനസേവനത്തിന് മുൻഗണന നൽകണമെന്ന സന്ദേശവും അദ്ദേഹം നൽകി.

ജില്ല കലക്ടർ പദ്മജക്ക് കള്ളക്കുറിച്ചി എംഎൽഎ ദുരുദ്ദേശ്യത്തോടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്നും രാത്രി വൈകി ഔദ്യോഗിക വസതിയിലെത്തി ശല്യം ചെയ്തെന്നുമാണ് ആരോപണം. രണ്ടു മാസം മുമ്പ് നടന്ന സംഭവത്തിൽ എംഎൽഎ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കലക്ടർ ഭരണകക്ഷിയിലെ മുതിർന്ന മന്ത്രിയെ അറിയിച്ചതായാണ് വിവരം. തുടർന്ന് മന്ത്രി ഇടപെട്ട് എംഎൽഎയെ വിളിച്ചുവരുത്തി കലക്ടറോട് മാപ്പ് പറയിപ്പിച്ച് വിഷയം താൽക്കാലികമായി ഒത്തുതീർപ്പാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം വീണ്ടും ചർച്ചയായത്.

ദീപാവലി സമയത്തുണ്ടായ കൊലപാതകങ്ങളും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ അടക്കമുള്ളവർ വിജയ് സർക്കാറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay cautions TVK MLAs against opposition traps
Next Story