‘സ്റ്റാലിൻ സർ, ഒന്നു വായ തുറക്കൂ...’; വീരമണി പോക്സോ കേസിൽ ഡി.എം.കെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്
text_fieldsതമിഴ്നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണി ഉള്‍പ്പെട്ട പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിൽ ഡി.എം.കെയെയും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്.
ഡി.എം.കെ സർക്കാറിന്റെ കാലത്ത് പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും കുറ്റകൃത്യം മൂടിവെച്ചെന്നും അണ്ണാ ഡി.എം.കെ ഇതിന് കൂട്ടുനിന്നെന്നും വിജയ് ആരോപിച്ചു. എന്തായിരുന്നു ഇതിന് പിന്നിലെ ഡീലെന്ന് തമിഴ്നാട് ജനത ചോദിക്കുകയാണ്. സ്റ്റാലിൻ സർ, ഒന്നു വായ തുറക്കൂ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാൽ എ.ഐ.എ.ഡി.എം.കെയും വായ തുറക്കുന്നില്ല. ഈ വിഷയത്തിലും പരസ്പരം ഒത്തുകളിച്ചോയെന്നും വിജയ് ചോദിച്ചു. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കൽപേട്ട് ജില്ലയിലെ മധുരന്തകം മണ്ഡലത്തിൽ പാർട്ടി പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്.
തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും താൻ ക്ഷമിച്ചതാണ്. എന്നാൽ തമിഴ്നാട്ടിലെ എന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായ രീതിയിൽ സംസാരിച്ചപ്പോൾ തനിക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഡി.എം.കെ ഇത്തരത്തിലാണ് സംസാരിക്കുന്നത്. സ്റ്റാലിനും അദ്ദേഹത്തിന്റെ കുടുംബവും അത്തരം സംസാരങ്ങൾ ആസ്വദിക്കുകയാണ്. തനിക്ക് ഇത് പൊറുക്കാനാവില്ലെന്നും വിജയ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ വീരമണി പീഡനത്തിന് ഇരയാക്കിയെന്നും ഇരകള്‍ 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണെന്നുമാണ് പുറത്തുവരുന്ന വിവരം.
വീരമണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഡി.എം.കെ സർക്കാറിന്റെ കാലത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
എന്നാൽ ടി.വി.കെ സർക്കാറിനു കീഴിൽ പ്രത്യേക പോക്സോ കോടതി കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് തള്ളി. കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് അതിജീവിതയായ പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും വീരമണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പോക്‌സോ കേസില്‍ കൃത്യ സമയത്ത് നടപടി കൈക്കൊണ്ടില്ലെന്ന കാരണത്താല്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. 2025 ഒക്ടോബറില്‍ അണ്ണാനഗറിലെ ഒരു എൻ.ജി.ഒ പ്രവർത്തകക്കാണ് വീരമണി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തെളിവാക്കി ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്നും ഇരകളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും കാണിച്ചാണ് കേസിലെ തുടർ നടപടികൾ ഡി.എം.കെ സർക്കാർ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

