കരുണാനിധിയെ പേര് മാത്രം വിളിച്ചു; മന്ത്രിക്കുവേണ്ടി നിയമസഭയിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി വിജയ്
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ബഹുമാന സൂചകങ്ങൾ ഒഴിവാക്കി പേര് മാത്രം പരാമർശിച്ചതിനെ തുടർന്ന് വിവാദം. സംഭവത്തിൽ വനംമന്ത്രി ആർ.വി. രഞ്ജിത് കുമാറിനുവേണ്ടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ മാപ്പ് പറഞ്ഞു. പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
തിങ്കളാഴ്ച നിയമസഭയിൽ വിവിധ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചക്കിടെയാണ് സംഭവം. മുൻ മുഖ്യമന്ത്രി കരുണാനിധിയെ പരാമർശിക്കുമ്പോൾ സാധാരണ ഉപയോഗിക്കുന്ന ‘കലൈഞ്ജർ’ അല്ലെങ്കിൽ ‘മുൻ മുഖ്യമന്ത്രി’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതെ പേര് മാത്രം പറഞ്ഞതാണ് ഡി.എം.കെ അംഗങ്ങളെ പ്രകോപിപ്പിച്ചത്.
മന്ത്രി ആർ.വി. രഞ്ജിത് കുമാർ മുൻകാല തെരഞ്ഞെടുപ്പുകളിലെ പണവിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് കരുണാനിധിയുടെ പേര് പരാമർശിച്ചത്. വിവാദമായ ‘തിരുമംഗലം ഫോർമുല’ പരാമർശിച്ച് കാഞ്ചീപുരം മണ്ഡലത്തിൽ വോട്ട് ഒന്നിന് 1500 രൂപ വരെ വിതരണം ചെയ്തിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. നിലവിലെ സർക്കാർ പണം വിതരണം ചെയ്യാതെയാണ് അധികാരത്തിലെത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.
എന്നാൽ, കരുണാനിധിയെ ബഹുമാന സൂചകം കൂടാതെ പരാമർശിച്ചതോടെ ഡി.എം.കെ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമസഭയിലെ മുൻകാല കീഴ്‌വഴക്കങ്ങളും അന്തരിച്ച പ്രമുഖ നേതാക്കൾക്ക് നൽകുന്ന ബഹുമാനവും ലംഘിക്കപ്പെട്ടുവെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു.
പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി വിജയ് ഇടപെടുകയായിരുന്നു. മന്ത്രിയുടെ പരാമർശം ശരിയായ രീതിയിലല്ലെന്നും സംഭവത്തിൽ മന്ത്രിക്കുവേണ്ടി താൻ മാപ്പ് പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സഭ ശാന്തമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

