കുരുക്ക് മുറുക്കും; ഗ്യാനേഷ് കുമാറിനെതിരായ കൂടുതൽ കേസുകളിൽ വിജിലൻസ് പുനഃപരിശോധന
text_fieldsതിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്ത് സേവനമനുഷ്ഠിച്ചപ്പോൾ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരായ മൊഴികൾ തേടി കൂടുതൽ കേസുകളിൽ പുനഃപരിശോധന ആരംഭിച്ച് വിജിലൻസ്. കെ.എസ്.ടി.പി അഴിമതി ആരോപണവും പതിബെൽ പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസുമാണ് പുനരന്വേഷിക്കാൻ വിജിലൻസിന് സർക്കാർ നിർദേശം നൽകിയത്. എന്നാൽ, ഈ കേസുകളിൽ മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു ചില കേസുകളിലും പുനഃപരിശോധന ആരംഭിച്ചു.
തെളിവില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ച കേസുകളിലാണ് പുനഃപരിശോധന. കെ.എസ്.ടി.പി അഴിമതിയുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പുനഃപരിശോധന തുടരുകയാണ്. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് ആ മേഖലയിൽ നിരവധി കേസുകൾ അന്വേഷിച്ചെങ്കിലും ഇവയെല്ലാം വിജിലൻസ് നേരത്തെ തീർപ്പാക്കിയതാണ്. ഈ കേസുകളിലെ മൊഴികൾ ഉൾപ്പെടെയാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഈ കേസുകളിൽ ഗ്യാനേഷ് കുമാറിനെതിരായ മൊഴികളുണ്ടോയെന്ന് പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോഴിക്കോട്, തിരുവനന്തപുരം എസ്.പി മാർക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നൽകിയത്. മൂന്ന് ദിവസത്തിനകം പരിശോധന റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടുകൾ കൂടി ലഭിച്ച ശേഷമാകും ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തിൽ വിജിലൻസ് അന്തിമ തീരുമാനമെടുക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 20 വർഷം മുമ്പ് അന്വേഷണം അവസാനിപ്പിച്ച കേസിൽ പുനരന്വേഷണം നടത്തുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളും വെല്ലുവിളികളുമെല്ലാം വിജിലൻസിന് മുന്നിലുണ്ട്. നിയമപ്രശ്നങ്ങളുണ്ടായാൽ അത് തരണം ചെയ്യാൻ പഴുതുകളില്ലാത്ത അന്വേഷണത്തിനാണ് വിജിലൻസ് മുന്നൊരുക്കം നടത്തുന്നത്. പ്രോജക്ട് ഡയറക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസിന് പരിമിതികളുണ്ട്. മുമ്പ് വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനാൽ പദ്ധതിയിലെ അഴിമതിയിൽ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് രാജ്യ ശ്രദ്ധ നേടിയ കേരള സർക്കാർ ധൃതിപിടിച്ച് നടപടികളിലേക്ക് കടന്ന് പുലിവാൽ പിടിക്കേണ്ടെന്നതിനാൽ കരുതലോടെയുള്ള നീക്കമാണ് നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

