കോയമ്പത്തൂർ പെരിയാർ അറിവുലകം ലൈബ്രറിയിൽ വീണ്ടും വിജിലൻസ് പരിശോധന
text_fieldsകോയമ്പത്തൂർ: സംസ്ഥാനത്തെ ഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടർന്ന് കോയമ്പത്തൂർ പെരിയാർ അറിവുലകം ലൈബ്രറിയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം രണ്ടാം തവണയും പരിശോധന നടത്തി. അകൽവിളക്ക്, ഫീനിക്സ് എന്നീ പ്രസാധകരുടെ പേരിൽ വ്യാജ പുസ്തകങ്ങൾ അമിതവിലയ്ക്ക് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
വിജിലൻസ് ഡിവൈ.എസ്.പി ഇമ്മാനുവേൽ ജ്ഞാനശേഖറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ലൈബ്രറിയുടെ നാലാം നിലയിലുള്ള തമിഴ് പുസ്തക വിഭാഗം ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങളും പ്രസാധകരുടെ വിവരങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്.
ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ പെരിയാർ ലൈബ്രറിയിൽനിന്ന് 2,000ത്തിലധികം പുസ്തകങ്ങൾ അടുത്തിടെ നീക്കം ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ പത്താം തീയതിയും വിജിലൻസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയിരുന്നു. കോയമ്പത്തൂർ ഗാന്ധിപുരം നഞ്ചപ്പ റോഡിൽ സെൻട്രൽ ബസ് സ്റ്റാൻഡിന് എതിർവശത്തായി ഏകദേശം 300 കോടി രൂപ ചെലവിലാണ് ലൈബ്രറിയും ശാസ്ത്രകേന്ദ്രവും നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയും ഏഴ് നിലകളുമുള്ള ഈ കെട്ടിടം കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ജോസഫ് വിജയ് പൊതുജനങ്ങൾക്കായി ഉദ്ഘാടനം ചെയ്തത്.
അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സംസ്ഥാനത്തെ വിവിധ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ചീഫ് ലൈബ്രേറിയൻമാർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പൊതു ഗ്രന്ഥശാലാ വകുപ്പ് ചുമതലയുള്ള ഡയറക്ടർ അറിയിച്ചു. ചെന്നൈ അണ്ണാ സെന്റിനറി ലൈബ്രറി, കന്നിമാറ ലൈബ്രറി, മധുരൈ കലൈഞ്ജർ സെന്റിനറി ലൈബ്രറി എന്നിവിടങ്ങളിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് പൊതു ഗ്രന്ഥശാലാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ എസ്. ജയന്തിയെ കഴിഞ്ഞ എട്ടാം തീയതി ആ ചുമതലയിൽ നിന്ന് നീക്കുകയും, തമിഴ്നാട് പാഠപുസ്തക കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആർ.വി. ഷജീവണയ്ക്ക് പകരം ചുമതല നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ ലൈബ്രറികളിലേക്കുമുള്ള പുസ്തകങ്ങൾ വാങ്ങുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി മന്ത്രി രാജ് മോഹൻ അറിയിച്ചു.

