മെഡിക്കൽ പ്രവേശന അഴിമതി: വിജിലൻസിന്റെ കുറ്റവിമുക്ത റിപ്പോർട്ട് തള്ളി; പ്രതികൾ വിചാരണ നേരിടണം
text_fieldsതിരുവനന്തപുരം: 2004ലെ മെഡിക്കൽ-എൻജിനീയറിങ് പ്രവേശന നടപടികളിൽ വ്യാപക കൃത്രിമം നടത്തി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ചെന്ന കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി സമർപ്പിച്ച വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ പ്രതിചേർക്കപ്പെട്ട മുൻ പ്രവേശന പരീക്ഷ കമീഷണർ സി.കെ. വിശ്വനാഥൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ വീണ്ടും വിചാരണ നേരിടണമെന്ന് തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജ് ഉത്തരവിട്ടു. നേരത്തെ സമർപ്പിക്കപ്പെട്ട കുറ്റപത്രം പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് നടപടി കോടതി റദ്ദാക്കി. വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട്’ തള്ളി പ്രതികൾക്കെതിരെ കുറ്റം ചുമത്താനാണ് കോടതി ഉത്തരവ്. ഹൈകോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തി എൻട്രൻസ് റാങ്ക് ലിസ്റ്റിലെ അർഹരായ വിദ്യാർഥികൾക്ക് ലഭിക്കേണ്ട ബി.എസ്.സി നഴ്സിങ്, ബി.ഫാം, ബി.ടെക് തുടങ്ങിയ കോഴ്സുകളിലെ ഏകദേശം മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്ക് വിട്ടുനൽകി സാമ്പത്തിക ലാഭമുണ്ടാകിയെന്നാണ് കേസ്. സർക്കാർ സീറ്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ പരാതിയുമായി രക്ഷിതാക്കൾ രംഗത്തിറങ്ങി. തുടർന്ന് 2007ൽ കേസെടുക്കുകയും അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും വിജിലൻസ് പൂജപ്പുര യൂനിറ്റ് എസ്.പി കെ.ഇ. ബൈജു കണ്ടെത്തി 2018ൽ ആദ്യം കുറ്റപത്രം സമർപ്പിച്ചു.
പ്രവേശന പരീക്ഷ കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി, സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റംവരുത്തിയതെന്നായിരുന്നു വിജിലൻസിന്റെ ആദ്യ കണ്ടെത്തൽ. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് കോടികളുടെ തലവരിപ്പണം വാങ്ങാൻ വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തി.എന്നാൽ, വിജിലൻസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ കെ.ഇ. ബൈജുതന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് കുറ്റപത്രം തിരികെ വാങ്ങി. നാലുവർഷത്തിന് ശേഷം 2022ൽ കൂടുതൽ തെളിവുകളൊന്നും ശേഖരിക്കാതെ അതേ എസ്.പി തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമായി മാറി.
എന്നാൽ, മെറിറ്റ് ലിസ്റ്റിലുണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈകോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിയോട് നിർദേശിച്ചു.പുതിയ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അത് തള്ളിയത്. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവെക്കുന്ന രീതിയിലാണ് കോടതി നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഉത്തരവിടുകയായിരുന്നു. വർഷങ്ങൾ നീണ്ട അഴിമതിക്കേസിൽ ഭാവിയിലെങ്കിലും അർഹരായ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ ഈ വിധി സഹായിക്കും. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ ഇനി വിചാരണ നേരിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

