ബംഗളൂരുവിൽ നബിദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം; 18 പേർ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ നബിദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം നടത്തിയ സംഭവത്തിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 18 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 13 പേർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ്. നബിദിനാഘോഷത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
കസ്റ്റഡിയിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും സമീപകാലത്ത് നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ പരിപാടിക്കിടെ വാൾ വീശിയതെന്നും പൊലീസ് പറഞ്ഞു. ആയുധ നിയമപ്രകാരം നിയമവിരുദ്ധമായി കൂട്ടംചേരൽ, പൊതുസമാധാനം തടസ്സപ്പെടുത്തൽ, വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച കർണാടകയിൽ തീവ്രവലതുപക്ഷ സംഘടനകൾ റാലി നടത്തിയിരുന്നു. പതിനായിരത്തോളം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. അതിൽ ഭൂരിഭാഗവും വാൾ ചുഴറ്റി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു. പൊലീസുകാരെ കണ്ടിട്ടും അവർക്ക് കൂസലുണ്ടായില്ല.
കർണാടക മന്ത്രിയും ഭരണ കക്ഷി എം.എൽ.എമാരും വരെ റാലിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ വാൾ ചുഴറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

