രണ്ടു വയസുകാരന് അമ്മയുടെ ക്രൂരമർദനം; സ്വയം പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
text_fieldsസെഞ്ചി (തമിഴ്നാട്): തമിഴ്നാട്ടിലെ സെഞ്ചിയിൽ രണ്ട് വയസുകാരന് നേരെ അമ്മയുടെ ക്രൂരമർദനം. ഭർത്താവുമായി വഴിക്കിട്ടതിന് പിന്നാലെയാണ് അമ്മ കുട്ടിയെ ക്രൂരമായി മർദിച്ചത്. രണ്ടു വയസുകാരനെ മർദിക്കുന്നതിന്‍റെ ദൃശ്യം അമ്മ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ വായിൽ നിന്ന് രക്തം വരുന്നത് അടക്കമുള്ളവ ദൃശ്യങ്ങളിൽ കാണാം.
2020 ഫെബ്രുവരി 23ന് പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ആഗസ്റ്റ് 28ന് പുറത്തായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 2016ലാണ് ആന്ധ്രപ്രദേശ് ചിറ്റൂർ താലൂക്കിലെ രാംപള്ളി ഗ്രാമവാസിയായ തുളസിയെ (23) തൊഴിലാളിയും വില്ലുപുരം ജില്ലയിലെ ജിംഗറിന് സമീപം മണലപ്പടി ഗ്രാമവാസിയുമായ വടിവഴകൻ (26) വിവാഹം കഴിച്ചത്. ഇവർക്ക് നാലും രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളാണുള്ളത്.
കോവിഡ് പടരുന്നതിന് മുമ്പുവരെ നാലംഗ കുടുംബം ചെന്നൈ പഴയ പെരുങ്കുളത്തൂരിലാണ് താമസിച്ചിരുന്നത്. അതിനുശേഷം ദമ്പതികൾക്കിടയിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു. ഫെബ്രുവരി 23ന് കുട്ടിയെ ക്രൂരമായി മർദിച്ച തുളസി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇതിന് പിന്നാലെ കുട്ടിയെ പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.
40 ദിവസം മുമ്പ് തുളസിയുടെ മൊബൈൽ ഫോൺ കണ്ട ആളാണ് ദൃശ്യം പുറത്തുവിട്ടത്. തുളസി കുട്ടിയെ ആക്രമിക്കുന്നതിന്‍റെ നാലു വിഡിയോകൾ ഫോണിൽ ഉണ്ടായിരുന്നു. കുട്ടിയെ ചെരിപ്പും കൈകളും കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും കുട്ടിയുടെ കാൽ വളച്ചൊടിക്കുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. ദൃശ്യങ്ങൾ കണ്ടയാൾ അത് സ്വന്തം മൊബൈലിലേക്ക് പകർത്തി.
ആഗസ്റ്റ് 28ന് രാത്രിയാണ് ദൃശ്യങ്ങൾ പകർത്തിയ ആളുടെ ബന്ധുക്കളും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിട്ടത്. സംഭവം വാർത്തയായതിന് പിന്നാലെ ഇയാൾ നൽകിയ പരാതിയിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി തുളസിക്കെതിരെ സത്യമംഗലം പൊലീസ് കേസെടുത്തു.
ചിറ്റൂർ ജില്ലാ പൊലീസിന്‍റെ സഹായത്തോടെ തുളസിയെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ മർദിച്ച വിവരം അറിഞ്ഞ ഭർത്താവ് വടിവാഴൻ, തുളസിയെ ആന്ധ്രയിലെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. തുളസിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ വടിവാഴൻ നിയമനടപടി ആരംഭിച്ചതായും പൊലീസ് പറഞ്ഞു.