വെട്ടിമാറ്റിയ വൃക്ഷത്തിന്‍റെ ചുവട്ടിലിരുന്ന് വിതുമ്പിക്കരയുന്ന വൃദ്ധ; കേന്ദ്രസഹമന്ത്രി കിരൺ റിജിജു പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു
text_fieldsവെട്ടിമാറ്റിയ വൃക്ഷ ചുവട്ടിലിരുന്ന് വിതുമ്പിക്കരയുന്ന ദിയോല ബായി
ഛത്തിസ്ഗഡ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പങ്കുവെച്ച ഒരു വിഡിയോയാണിപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറൽ. വെട്ടിമാറ്റിയ വൃക്ഷത്തിന്‍റെ ചുവട്ടിലിരുന്ന് വിതുമ്പിക്കരയുന്ന വൃദ്ധയുടേതാണ് വിഡിയോ. ‘ഛത്തിസ്ഗഡിലെ ഈ ദൃശ്യങ്ങൾ ഹൃദയഭേദകമായ കാഴ്ചയാണ്. താൻ 20 വർഷം മുമ്പ് നട്ടുവളർത്തിയ അരയാൽമരത്തെ വെട്ടിമാറ്റിയ ആഘാതത്തിൽ കരയുകയാണ് വൃദ്ധ’. അദ്ദേഹം എക്സിൽ കുറിച്ചു.
ഛത്തിസ്ഗഡിലെ ഖൈരാഗഡ് ജില്ലയിലെ 85 വയസ്സുള്ള ദിയോല ബായിയുടേതാണ് കണ്ണുനിറക്കുന്ന വിഡിയോ. തന്‍റെ ഗ്രാമമായ സാറാ ഗോണ്ടിയിലെ വീട്ടുമുറ്റത്ത് 20 വർഷം മുമ്പാണ് ഇവർ ഒരു അരയാൽ തൈ നടുന്നത്. വെള്ളം നൽകിയും വളമിട്ടും പരിപാലിച്ച അരയാൽ വൃക്ഷത്തെയാണ് സമീപവാസി തന്‍റെ കൂട്ടാളിയുമായി ചേർന്ന് വെട്ടിമാറ്റിയത്.
ദിയോല ബായിക്ക് അരയാൽവൃക്ഷം സ്വന്തം ജീവനെപ്പോലെയായിരുന്നെന്നും ഒരു കുഞ്ഞിനെയെന്ന പോലെയായിരുന്നു അരയാൽമരത്തെ സ്നേഹിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. മരം വെട്ടുന്നത് തടയാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഖൈരാഗഡ് സ്വദേശിയായ ഇമ്രാൻ മേമനും സഹായിയും ചേർന്ന് മരം മുറിച്ചതെന്ന് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. നാട്ടുകാർ ഇടപെട്ട് ഇവരെ തടഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസം മരം വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തതായി ഖൈരാഗഡ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനിൽ ശർമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മേമൻ അടുത്തിടെ വാങ്ങിയ പ്ലോട്ടിന്‍റെ മുന്നിലുളള സർക്കാർഭൂമിയെ നിരപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതായും അതിനായി അരയാൽ വൃക്ഷത്തെ വെട്ടിമാറ്റിയതായും ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. മേമൻ കാവലിരിക്കുകയും സഹായിയായ ലാൽപൂർ സ്വദേശി പ്രകാശ് കോസ്ര കട്ടിങ് മെഷീൻ ഉപയോഗിച്ച് മരം വെട്ടാൻ സഹായിക്കുകയും ചെയ്തു.
ശേഷം ഖൈരാഗഡിലെക്ക് രക്ഷപ്പെടുകയും കട്ടിങ് മെഷീൻ പുഴയിലെറിയുകയും ചെയ്തു. തെരച്ചിലിനായി മുങ്ങൽ വിദഗ്ധരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 298 പ്രകാരം മതവികാരം വ്രണപ്പെടുത്താനുളള ബോധപൂർവമായ ഉദ്ദേശം,3(5) എന്നിവയാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

