എ.എ.പി എം.പിമാർക്ക് കൂറുമാറ്റ നിയമം ബാധകമല്ലെന്ന് ഉപരാഷ്ട്രപതി; രാഘവ് ചദ്ദ ഉൾപ്പെടെ ഏഴുപേരെയും ബി.ജെ.പി പട്ടികയിൽ ചേർത്തു
text_fieldsരാഘവ് ചദ്ദ, സി.പി. രാധാകൃഷ്ണൻ
ന്യൂഡൽഹി: രാഷ്ട്രീയ ഭിന്നതകൾക്കിടയിൽ ആം ആദ്മി പാർട്ടി വിട്ട രാഘവ് ചദ്ദ ഉൾപ്പെടെയുള്ള ഏഴ് എം.പിമാരെ ബി.ജെ.പിയിൽ ചേർക്കാൻ അനുമതി നൽകി രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയിൽ ബി.ജെ.പിക്ക് 113 എം.പിമാരായി. അതേസമയം പത്ത് എം.പിമാരുണ്ടായിരുന്ന ആം ആദ്മി പാർട്ടിക്ക് മൂന്ന് എം.പിമാർ മാത്രമായി.
ഏപ്രിൽ 24 വെള്ളിയാഴ്ചയാണ് രാഘവ് ചദ്ദ ഉൾപ്പെടെയുള്ള ഏഴ് എം.പിമാർ എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഡൽഹിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം എം.പിമാരും പാർട്ടി വിടുകയാണെന്നും തങ്ങൾ ബി.ജെ.പിയിൽ ചേരുമെന്നും രാഘവ് ചദ്ദ പ്രഖ്യാപിച്ചത്.
ഇവർക്കെതിരെ കുറുമാറ്റത്തിന് കേസെടുക്കണമെന്നും എം.പി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കണമെന്നും ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. 'പാർട്ടിയെ ഒറ്റിക്കൊടുത്തവർക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ജനങ്ങൾ നൽകിയ വോട്ട് വിൽക്കാൻ ആരെയും അനുവദിക്കില്ല,' എന്ന് എഎപി വക്താക്കൾ വ്യക്തമാക്കി. എന്നാൽ, കൂറുമാറിയ എം.പിമാരുടെ എണ്ണം മൂന്നിൽ രണ്ട് ഭാഗത്തേക്കാൾ കൂടുതലായതിനാൽ സാങ്കേതികമായി ഇവരെ അയോഗ്യതയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
എ.എ.പി എം.പിമാർ കൂടി എത്തിയതോടെ രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷത്തിലേക്ക് കൂടുതൽ അടുക്കാൻ സഹായകമായി. പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനും സഭയിൽ മേധാവിത്വം ഉറപ്പിക്കുന്നതിനും ഈ അംഗസംഖ്യ നിർണ്ണായകമാണ്. എന്നാൽ, ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ രാഷ്ട്രീയത്തിലുള്ള അവരുടെ സ്വാധീനത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. വരും ദിവസങ്ങളിൽ സുപ്രീം കോടതിയിലോ മറ്റ് നിയമവേദികളിലോ ഈ വിഷയം എ.എപി ചോദ്യം ചെയ്യാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

