ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇൻഡ്യ മുന്നണിയുടേത് മികച്ച സ്ഥാനാർഥി; എൻ.ഡി.എയുടേത് വെറും ‘ബൂട്ട്‍ലിക്കർ’ -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഢിയെ മത്സരിപ്പിക്കാനുള്ള ഇൻഡ്യ മുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മികച്ച പ്രവർത്തന പാരമ്പര്യവും ട്രാക്ക് റെക്കോഡുമുള്ള ജഡ്ജിയാണ് സുദർശൻ റെഡ്ഡി. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി വെറും ചെരുപ്പുനക്കി മാത്രമാണ്. വോട്ടെടുപ്പിൽ എം.പിമാർ സ്വതന്ത്രനും നീതിമാനുമായ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു -പ്രശാന്ത് ഭൂഷൺ ‘എക്സ്’ പോസ്റ്റിൽ കുറിച്ചു.
സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എയും ഇൻഡ്യ മുന്നണിയും തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ പോസ്റ്റുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ സി.പി രാധാകൃഷ്ണനെയാണ് എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയായി രംഗത്തിറക്കിയത്. തമിഴ്നാട് ബി.ജെ.പി മുൻ പ്രസിഡന്റ് കൂടിയായി ഇദ്ദേഹം ആർ.എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. ബുധനാഴ്ച പ്രധാനമന്ത്രിക്കൊപ്പമെത്തി മത്സരിക്കാൻ നാമനിർദേശ പത്രികയും സമർപ്പിച്ചിരുന്നു.
സുപ്രീംകോടതി മുൻ ജഡ്ജിയായ ബി. സുദർശൻ റെഡ്ഡി ശ്രദ്ധേയമായ വിധികളിലൂടെ പ്രമുഖനായ നിയമജ്ഞനാണ്. നേരത്തെ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു. സെപ്റ്റംബർ ഒമ്പതിനാണ് വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

