ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ വോട്ടർമാരായ തെരഞ്ഞെടുപ്പിൽ മുതിർന്ന ബി.ജെ.പി നേതാവായിരുന്ന എം. വെങ്കയ്യ നായിഡു എൻ.ഡി.എ സ്ഥാനാർഥിയും മഹാത്മഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി 19 പാർട്ടികളുടെ പിന്തുണയുള്ള പ്രതിപക്ഷസ്ഥാനാർഥിയുമാണ്. വെങ്കയ്യ നായിഡുവിനാണ് ജയസാധ്യത.
ആം ആദ്മി പാർട്ടിയും ഗോപാൽകൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. അവർക്ക് നാല് എം.പിമാരുണ്ട്. ജനതാദൾ-യുവിെൻറ എം.പിമാർ പ്രതിപക്ഷസ്ഥാനാർഥിക്ക് വോട്ടുചെയ്യും.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പാർലമെൻറ് മന്ദിരത്തിൽ വോെട്ടടുപ്പ്. വോെട്ടടുപ്പു കഴിയുന്നമുറക്ക് രഹസ്യബാലറ്റുകൾ എണ്ണിത്തുടങ്ങും. വൈകീട്ട് ഏഴോടെ ഫലം പുറത്തുവരും. 790 പേരാണ് രഹസ്യബാലറ്റിൽ വോട്ടുചെയ്യേണ്ടത്. ലോക്സഭയിലെ 545 അംഗങ്ങളിൽ ബി.ജെ.പിയുടെ 281 അടക്കം എൻ.ഡി.എക്ക് 338 പേരുടെ പിൻബലമുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി അംഗം ചേദി പാസ്വാന് വോട്ടില്ല.
രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് മേൽക്കൈ. 243 അംഗ സഭയിൽ എൻ.ഡി.എക്ക് 100 എം.പിമാരുണ്ട്. കോൺഗ്രസിനേക്കാൾ ഒരു സീറ്റ് കൂടിയ ബി.ജെ.പിക്ക് ഇപ്പോൾ 57 എം.പിമാരുണ്ട്. രണ്ടുസഭയിലെയും അംഗങ്ങളെ മൊത്തത്തിലെടുത്താൽ എൻ.ഡി.എക്കാണ് മേധാവിത്വം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്നുഭിന്നമായി, ഒരു എം.പിയുടെ വോട്ടുമൂല്യം ഒന്ന് ആണ്.