ന്യൂഡൽഹി: താൻ രാഷ്ട്രീയക്കാരനല്ലെന്നും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പൗരസ്ഥാനാർഥിയെന്ന നിലയിലാണ് സ്വയം കാണുന്നതെന്നും പ്രതിപക്ഷ പൊതുസ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധി. തന്നെക്കുറിച്ച് 18 പ്രതിപക്ഷപാർട്ടികൾ ചിന്തിച്ചതിൽ നന്ദിയുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർഥിയാകാൻ തീരുമാനിച്ചതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ട്. എന്നാൽ, ജനാധിപത്യസ്ഥാപനങ്ങളിലും ഇന്ത്യക്കാരുടെ പൊതുബോധത്തിനും വിശ്വാസം അർപ്പിക്കുന്നു. രാജ്യത്ത് ചെറിയൊരു പ്രതിസന്ധിയുണ്ട്. ഭീകരതയുടെയും ഭയപ്പാടിെൻറയും പ്രതിസന്ധി; അതിനൊപ്പം കാർഷിക പ്രതിസന്ധിയുമുണ്ട് -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരനല്ലെങ്കിലും, ബി.ജെ.പിക്കൊപ്പം കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ വഴിവിട്ട പോക്കിനെ ഒാരോ അവസരങ്ങളിലും വിമർശിച്ചിട്ടുള്ള പശ്ചാത്തലമാണ് പ്രതിപക്ഷത്തിെൻറ ഉപരാഷ്ട്രപതി സ്ഥാനാർഥിക്കുള്ളത്. എന്നാൽ, ഗാന്ധിജിയുടെ ചെറുമകനെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയനാണ് കഴിഞ്ഞദിവസം നടന്ന പ്രതിപക്ഷ യോഗത്തിൽ ആ പേര് നിർദേശിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ യോഗത്തിനിടയിൽ പുറത്തുകടന്ന് അദ്ദേഹത്തെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിനെ പിന്തുണക്കുന്നത് 17 പാർട്ടികളാണെന്നിരിെക്ക, തന്നെ പിന്തുണക്കുന്ന 18ാമത് പാർട്ടി ഏതാണെന്ന ചോദ്യമാണ് അദ്ദേഹം അവരോട് ഉന്നയിച്ചത്. ജനതാദൾ-യു ആണെന്ന മറുപടി ഗോപാൽകൃഷ്ണ ഗാന്ധിയെ തൃപ്തിപ്പെടുത്തി.