ഒഡിഷയിൽ പശു കശാപ്പ് ആരോപിച്ച് ആദിവാസികളെ ആക്രമിച്ച സംഭവം; അറസ്റ്റിലായ ബജ്റംഗദൾ പ്രവർത്തകരെ വിട്ടയക്കണമെന്ന് വി.എച്ച്.പി
text_fieldsഭുവനേശ്വർ: ഒഡിഷയിൽ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആദിവാസികളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബജ്റംഗദൾ പ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവുമായി വി.എച്ച്.പി. ഇതിനായി മുഖ്യമന്ത്രി മോഹൻചരൺ മാജിക്ക് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ പ്രഫുല്ല കുമാർ മിശ്ര കത്തയച്ചു. അറസ്റ്റ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് വി.എച്ച്.പിയുടെ ആരോപണം. പശു കശാപ്പിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് ബജ്റംഗദൾ പ്രവർത്തകർ ചെയ്തതെന്നും പൊലീസ് ഇടപെട്ട് ആ പ്രതിഷേധം ശാന്തമാക്കിയെന്നും കത്തിൽ പറയുന്നു. എന്നാൽ ഇവരെ ചില ആദിവാസികൾ ആക്രമിച്ചുവെന്നാണ് വി.എച്ച്.പി പറയുന്നത്. എന്നാൽ ആരോപണം പൊലീസ് തള്ളിയിട്ടുണ്ട്. ബജ്റംഗദൾ പ്രവർത്തകരുടെ പക്കൽ നിന്നും മാരകായുധങ്ങൾ പിടിച്ചെടുത്തുവെന്നും ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും ഘാസിപുര പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ചില ആദിവാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം അറസ്റ്റിലായവരെ വിട്ടയക്കണമെന്ന ആവശ്യത്തിനൊപ്പം കേസിൽ അന്വേഷണ ചുമതലയുള്ള ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കിയോഞ്ചറിൽ നവംബർ 18ന് ആദിവാസി സംഘടനകൾ പ്രതിഷേധിക്കും. ബിജു ജനതാദൾ (ബി.ജെ.ഡി) ആദിവാസി സെൽ അധ്യക്ഷൻ സുദാം മറാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണത്തിനിരയായവരെ സന്ദർശിച്ചിരുന്നു. അതേസമയം സംഭവത്തിനിടെ ആദിവാസികളുടെ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും കേസിലെ പ്രധാന പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്നും മറാണ്ടി ആവശ്യപ്പെട്ടു.

