ക്രിസ്മസ് ആക്രമണം: വി.എച്ച്.പി -ബജ്റംഗ്ദൾ നേതാക്കൾ അറസ്റ്റിൽ
text_fieldsഗുവാഹത്തി: ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ - വി.എച്ച്.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബെൽസോറിലെ പനിഗാവ് സെന്‍റ് മേരീസ് സ്കൂളിലാണ് ആക്രമണം നടത്തിയത്.
വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ദേഖ, പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത, ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാർ എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ സാധന സാമഗ്രികളും അക്രമികൾ നശിപ്പിച്ചിരുന്നു.
‘ജയ് ശ്രീറാം’ വിളികളോടെ സ്കൂളിൽ അതിക്രമിച്ചുകയറിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് സ്‌കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതികൾ നൽബാരി പട്ടണത്തിലെ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന വിവിധ കടകളിൽ പോയി സാധനങ്ങൾ പിടിച്ചെടുത്ത് ജെയിൻ മന്ദിറിന് സമീപം തീയിടുകയും ചെയ്തു. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി സാധനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

