പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
text_fieldsപൂണെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂണെയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവാർത്ത പുറത്തുവിട്ടത്. പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിന് രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. 2011-ല്‍ അദ്ദേഹം സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ പരിസ്ഥിതി ചര്‍ച്ചകളില്‍ ഇന്നും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പശ്ചിമഘട്ടത്തിന്റെ 129,037 ചതുരശ്ര കി.മീ (75 ശതമാനം) ഭാഗവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നും അവിടെ ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും നിയന്ത്രിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഭരണകൂടങ്ങള്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മടിച്ചെങ്കിലും, സമീപകാലത്ത് കേരളത്തിലുള്‍പ്പെടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിന്റെ ദീര്‍ഘവീക്ഷണമുള്ള മുന്നറിയിപ്പുകള്‍ എത്രത്തോളം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.
1942 മേയ് 24 പൂനെയിലാണ് ജനനം. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂനിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐ.ബി.എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.
1973 മുതൽ 2004 വരെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായിരുന്നു. ഗാഡ്‌ഗിൽ സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിങ് പ്രഫസർ ആയിരുന്നിട്ടുണ്ട്. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും ആറ് പുസ്തകങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

