Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽഗാന്ധി അമിത്ഷാക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ വിധി ഇന്ന്

text_fields
bookmark_border
Rahul Gandhi, Amit Shah
cancel

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സുല്‍ത്താന്‍പൂരിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് വിധി പറയും. വിധി കേൾക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കോടതിക്ക് മുമ്പാകെ ഹാജരാകും.

2018ലെ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബംഗളുരുവില്‍ വച്ചാണ് രാഹുല്‍ കേസിനാസ്‌പദമായ പരാമര്‍ശം നടത്തിയത്. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഒരു കൊലയാളിയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 2005ലെ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം. ഇതിനെതിരെ ഉത്തര്‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകനായ വിജയ്‌ മിശ്രയാണ് പരാതി നല്‍കിയത്.

2023 നവംബര്‍ 27ന് സുല്‍ത്താന്‍പൂര്‍ കോടതി രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയില്‍ എത്തിയത്. ജാമ്യം നേടുകയും ചെയ്‌തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസില്‍ കോടതിയില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താന്‍ അമിത്ഷായ്ക്കെതിരെ പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നേരത്തെ, 2023 മാര്‍ച്ച് 23ന് സമാനമായ കേസില്‍ രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടുകയും തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട 2019ലെ അപകീര്‍ത്തി കേസിലായിരുന്നു ഇത്. എല്ലാ കള്ളന്‍മാരുടെയും പേരിനറ്റത്ത് മോദി എന്ന് വരുന്നത് എന്ത് കൊണ്ടാണെന്ന രാഹുലിന്‍റെ ചോദ്യമാണ് ഈ കേസിന് വഴി വച്ചത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഈ ചോദ്യം ഉയര്‍ത്തിയത്. പിന്നീട് സുപ്രീം കോടതി രാഹുലിനെതിരെയുള്ള തടവ് ശിക്ഷ റദ്ദാക്കി. പാര്‍ലമെന്‍റംഗത്വം തിരിച്ച് കിട്ടുകയും ചെയ്‌തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Verdict today in Rahul Gandhi defamation case over Amit Shah remarks
Next Story