ആൾദൈവം രാംപാലിനെ രണ്ടു കേസിൽ കുറ്റവിമുക്തനാക്കി
text_fieldsഹിസാർ(ഹരിയാന): ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹിം സിങ് ജയിലിൽ കഴിയുന്ന ഹരിയാനയിൽ മറ്റൊരു ആൾദൈവത്തിന് കുറ്റമുക്തി. കൊലപാതകം അടക്കമുള്ള കേസുകളിൽ ജയിലിൽ കഴിയുന്ന വിവാദ ആൾദൈവം രാംപാൽ ദാസിനെയും അനുയായികളെയുമാണ് ഹിസാറിലെ കോടതി വെറുതെവിട്ടത്.
2014 ലെ കലാപക്കേസിലും പൗരന്മാർക്കും പൊതുസ്വത്തിനും നാശനഷ്ടമുണ്ടാക്കിയെന്ന മറ്റൊരു കേസിലുമാണ് 66കാരനായ രാംപാലും അനുയായികളും മോചിതരായത്. എന്നാൽ, 2005ൽ ഹിസാറിൽ ഒരു ഗ്രാമീണൻ വെടിയേറ്റുമരിച്ചതടക്കമുള്ള എട്ടു കേസുകളിൽ വിചാരണ നേരിടുന്നതിനാൽ ആൾദൈവത്തിന് ജയിലിൽ കഴിയേണ്ടിവരും.
2005ൽ അനുയായികൾ ഗ്രാമവാസികൾക്കുനേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആറുപേരുടെ മരണത്തിനിടയാക്കിയ കലാപമുണ്ടായത്. 2014 നവംബർ 17ന് ബർവാലയിലെ സത്ലോക് ആശ്രമത്തിലെത്തിയ പൊലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ ആൾദൈവം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പഞ്ചാബ്- ഹരിയാന േകാടതിയുടെ നിർദേശപ്രകാരം അറസ്റ്റുചെയ്യാൻ പൊലീസ് ആശ്രമത്തിലെത്തിയത്.
പൊലീസിനുനേരെ 15,000ത്തോളം അനുയായികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. റോഡിലും റെയിൽവേട്രാക്കിലും കിടന്നും മനുഷ്യച്ചങ്ങല തീർത്തുമാണ് അനുയായികൾ പൊലീസിനെ തടഞ്ഞത്. ഒടുവിൽ പൊലീസ് ആശ്രമത്തിലേക്ക് ഇരച്ചുകയറി രാംപാലിനെ അറസ്റ്റുചെയ്യുകയായിരുന്നു.
കലാപ കേസിൽ രാംപാലിനും അനുയായികൾക്കും എതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്.15ാം നൂറ്റാണ്ടിലെ കവിയായ കബീർ ദാസിെൻറ പിൻഗാമിയായാണ് സദ്ഗുരു രാംപാൽജി മഹാരാജ് എന്ന രാംപാൽ അറിയപ്പെടുന്നത്. കൊലപാതകം, രാജ്യദ്രോഹം അടക്കം 30ഒാളം കേസിലെ പ്രതിയായ രാംപാൽ 2014 മുതൽ ഹിസാർ സെൻട്രൽ ജയിലിലാണ്.
രാഷ്ട്രീയ സമാജ് സേവാ സമിതി എന്ന സായുധസേനയുടെ പിൻബലത്തിലാണ് ആൾദൈവം ആശ്രമം അടക്കിവാണിരുന്നത്. 2005ലെ കൊലപാതകത്തിനുശേഷം ഒമ്പതുവർഷമാണ് ഇയാൾ അറസ്റ്റിൽനിന്ന് രക്ഷപ്പെട്ട് കഴിഞ്ഞത്. സംഭവത്തിൽ രാംപാലിനും അനുയായികൾക്കും എതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
