സൂറത്ത്: ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവിതം തിരിച്ചുനൽകാൻ സഹായിക്കുന്ന വെന്‍റിലേറ്ററുകളോടും കടുത്ത അനാസ്ഥ കാണിച്ച് അധികൃതർ. ഗുജറാത്തിലെ വൽസാഡിൽനിന്ന് സൂറത്തിലേക്ക് കൊണ്ടുപോയ വെന്‍റിലേറ്ററുകൾക്കാണ് മാലിന്യത്തിൽ കുളിച്ചുനിൽക്കുന്ന ട്രക്കിലേറി യാത്ര ചെയ്യേണ്ടിവന്നത്.
സംസ്ഥാന സർക്കാർ 250 വെന്‍റിലേറ്ററുകളാണ് സൂറത്ത് നഗരത്തിന് അനുവദിച്ചിരുന്നത്. ഇതിൽ 20 എണ്ണമാണ് ട്രക്കിൽ കയറ്റിയത്. ട്രക്കാകട്ടെ, നിറയെ മാലിന്യമുള്ളതാണെന്ന് പുറംകാഴ്ചയിൽ തന്നെ ബോധ്യമാകും.
എന്നാൽ, കാണുന്നതൊന്നും ശരിയല്ലെന്നും ശുചിയാക്കിയ ശേഷം മാത്രമാണ് വാഹനത്തിൽ വെന്‍റിലേറ്ററുകൾ കയറ്റിയതെന്നുമാണ് അധികൃതരുടെ അവകാശവാദം.
250ൽ 198 വെന്‍റിലേറ്ററുകളും ഇതിനകം സൂറത്തിലെത്തിച്ചിട്ടുണ്ട്. ഇവയൊക്കെയും എങ്ങനെ കൊണ്ടുവന്നതാകുമെന്നാണ് നാട്ടുകാരുടെ ആധി. സർക്കാർ ആശുപത്രികളിലേക്കാണ് പുതുതായി ഇവ എത്തിക്കുന്നത്. കോവിഡ് രണ്ടാം തരംഗം തീവ്രവ്യാപനത്തിലേക്ക് നീങ്ങുേമ്പാൾ വെന്‍റിലേറ്ററുകൾ കൂടുതലായി ആവശ്യമായി വരികയാണ്.